
കൊച്ചി: രാജ്യാന്തര അംഗീകാരമായ ഗ്രീൻ സ്കൂൾ ബഹുമതിക്ക് അർഹത നേടി വൈറ്റില ടോക്ക് എച്ച് പബ്ലിക് സ്കൂൾ. യുഎഇയിലെ അൽ ഫെർജാനിൽ നടന്ന യുഎൻ ആഗോള കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയായ കോപ്-28ന്റെ വേദിയിൽ വച്ചായിരുന്നു ആദരം. ടോക് എച്ചിൻ്റെ മാനേജറായിരുന്ന ഡോ. കെ വർഗീസിൻറെ കൊച്ചുമകനും ടോക് എച്ചിലെ പൂർവ വിദ്യാർത്ഥിയുമായ സച്ചിൻ വർഗീസാണ് സ്കൂളിനു വേണ്ടി പുരസ്ക്കാരം ഏറ്റുവാങ്ങിയത്.
പാരിസ്ഥിതിക പഠനത്തിന് ടോക് എച്ച് സ്കൂൾ നൽകിയ വിലപ്പെട്ട സംഭാവനകൾ മാനിച്ചാണ് ആദരം. ഈ അംഗീകാരത്തോടെ ഹരിത വിദ്യാഭ്യാസത്തിൻ്റെ നേതൃത്വനിരയിലേക്ക് ടോക് എച്ച് ഉയർത്തപ്പെട്ടു. കുട്ടികൾക്ക് പരിസ്ഥിതിയോട് ഇണങ്ങിച്ചേർന്ന് വളരാനുള്ള അന്തരീക്ഷമാണ് സ്കൂൾ ഒരുക്കിയിരിക്കുന്നത്. ഗ്രീൻമെന്റർ ഡയറക്ടർ ശ്രീ വീരേന്ദ്ര റാവത്തിൽ നിന്നുമാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ വേദിയിൽ സന്നിഹിതരായിരുന്നു.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട അറിവുകൾ കുട്ടികളിലൂടെ വീട്ടിലേക്കും സമൂഹത്തിലേക്കും ലോകത്തിലേക്കും എത്തികയും അതിലൂടെ വിശ്വ ആഗോള പ്രകൃതിസംരക്ഷണത്തിന്റെ വക്താക്കളായി തീരുക എന്നതാണ് ടോക് എച്ച് ഹരിത വിദ്യാഭ്യാസത്തിൻറെ ലക്ഷ്യം. സീറോ വേസ്റ്റ് എന്ന ആശയമാണ് ടോക് എച്ചിന്റെ മുഖമുദ്ര. മാലിന്യ സംസ്ക്കരണ പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ്, സൗരോർജ്ജ പ്ലാൻ്റ്, മലിനജല സംസ്ക്കരണ പ്ലാന്റ്, മഴവെള്ള സംഭരണി എന്നിങ്ങനെ പ്രകൃതിയോട് ചേർന്നാണ് സ്കൂൾ നിലകൊള്ളുന്നത്. ബയോഗ്യാസ് പ്ലാന്റിന്റെ സ്ലറിയാണ് സ്കൂൾപച്ചക്കറി തോട്ടത്തിനും കൃഷികൾക്കും ചെടികൾക്കും വളമായി ഉപയോഗിച്ചു വരുന്നത്. പ്ലാസ്റ്റിക് നിരോധിത മേഖല കൂടിയാണ് സ്കൂൾ ക്യാംപസ്. ഖരമാലിന്യം, പ്ലാസ്റ്റിക് മാലിന്യം, ഇ-വേസ്റ്റ് എന്നിങ്ങനെ മാലിന്യങ്ങൾ തരം തിരിച്ച് സംസ്കരിക്കാനുള്ള പരിശീലനവും കുട്ടികൾക്ക് നൽകുന്നുണ്ട്. സസ്യലതാദികളാൽ സമ്പന്നമായ സ്കൂളിന്റെ അന്തരീക്ഷവും ഹരിത വിദ്യാഭ്യാസം എന്ന ആശയത്തെ ലക്ഷ്യത്തിലെത്തിക്കാൻ സഹായകമായി.
സ്കൂളിലെ എല്ലാ ചെടികൾക്കും ശാസ്ത്രീയ നാമം ക്യൂആർ കോഡിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്. റോഡരികിൽ വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് ഹരിത ഗൃഹം നിർമ്മിച്ച് സ്കൂൾ നിരവധി ഔഷധ അകത്തള സസ്യങ്ങൾ നട്ടുപിടിപ്പിച്ചു. 2600ഓളം വരുന്ന വിത്തു പേനകൾ കുട്ടികൾ തന്നെ നിർമ്മിച്ച് വിതരണം ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നിസ്വാർത്ഥമായ പ്രവർത്തനങ്ങളാണ് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ മെൻറ്റേഴ്സിൽ നിന്നും ഈ രാജ്യാന്തര പുരസ്ക്കാരം കരസ്ഥമാക്കാൻ ടോക് എച്ചിനെ പ്രാപ്തമാക്കിയത്.