
തിരുവനന്തപുരം: ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ സംസ്ഥാനത്തെ ഡിഎൽഎഡ് വിദ്യാർഥികളുടെ ബിരുദ പ്രവേശനം പ്രതിസന്ധിയിൽ. കോഴ്സ് പൂർത്തിയാവാറായ വിദ്യാർഥികൾക്ക് ഈ വർഷത്തെ ബിരുദ പ്രവേശനം നേടുന്നതിലാണ് പ്രതിസന്ധി നിലനിൽക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ കോഴ്സ് പൂർത്തിയാവുമ്പോൾ മാത്രമാണ് വിദ്യാർഥികൾക്ക് ടിസി ലഭിക്കുക. ഓഗസ്റ്റ് മാസത്തിന് മുൻപ് സംസ്ഥാനത്തെ സർവകലാശാലകൾ ബിരുദ പ്രവേശന നടപടികൾ പൂർത്തിയാക്കും. ഇതിന് മുൻപ് ടിസി ലഭിച്ചില്ലെങ്കിൽ വിദ്യാർഥികൾ ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വരും.
നൂറ് കണക്കിന് വിദ്യാർഥികളാണ് നിലവിൽ അലോട്ട്മെൻ്റ് ലഭിച്ച് പ്രവേശനം നേടാൻ കഴിയാതെ പുറത്ത് നിൽക്കുന്നത്. കഴിഞ്ഞ വർഷവും സമാന പ്രതിസന്ധി ഉണ്ടായിരുന്നു. അന്ന് ഡിഎൽഎഡ് വിദ്യാർഥികൾക്ക് ടിസി നൽകി ബിരുദപ്രവേശനം നേടുന്നതിന് പ്രത്യേക ഉത്തരവും ഇറക്കിയിരുന്നു. ഡിഎൽഎഡ് കോഴ്സുകളുടെ സെമസ്റ്റർ അക്കാഡമിക് കലണ്ടർ പുന:ക്രമീകരിക്കാൻ അന്ന് മന്ത്രി ശിവൻകുട്ടി നിർദ്ദേശം നൽകിയിരുന്നു. ഈ വർഷവും സമാന പ്രശ്നം വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ ടിസി നൽകാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.