
കേരളത്തിലെ ബിരുദ വിദ്യാർഥികൾക്ക് ഇനി ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്റ്റിയിൽ മറ്റൊരു ബിരുദത്തിന് കൂടി പ്രവേശനം നേടാം. യുജിസി നിർദ്ദേശപ്രകാരമാണ് ഇരട്ട ബിരുദത്തിന് പ്രവേശനം നൽകാൻ സിൻഡിക്കേറ്റ് തീരുമാനമെടുത്തത്. 23 കോഴ്സുകൾക്കാണ് ഈ വർഷം ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടാനാവുക. നൈപുണ്യ വിഷയങ്ങളിൽ ഡിപ്ലോമ കോഴ്സും ഈ വർഷം ആരംഭിക്കും.
ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ ഒമ്പത് പുതിയ കോഴ്സുകൾക്ക് കൂടി ഈ അദ്ധ്യയന വർഷം യുജിസി അംഗീകാരം ലഭിച്ചിരുന്നു. ബികോം, ബിബിഎ, അഫ്സൽ ഉൽ ഉലമ ബിരുദ പാഠ്യപദ്ധതികൾ, എംകോം, എംഎ ഇക്കണോമിക്സ്, എംഎ സംസ്കൃതം, എംഎ ഫിലോസഫി, എംഎ അറബിക്, എംഎ ഹിന്ദി എന്നിവക്കാണ് അംഗീകാരം ലഭിച്ചത്. ജൂലൈ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെയാണ് പ്രവേശന നടപടികൾ.
അഫ്സൽ ഉൽ ഉലമ പ്രിലിമിനറി അടക്കം 23 പാഠ്യപദ്ധതിയാണ് സർവകലാശാലക്ക് കീഴിലുളളത്. കേരളത്തിൽ ഈ കോഴ്സുകളിലേക്കുളള വിദൂരപഠന സൗകര്യം ഇനി ഓപ്പൺ സർവകലാശാലയിൽ മാത്രമായിരിക്കും. സംസ്ഥാനത്തെ വിവിധ അഫിലിയേറ്റഡ് കോളേജുകളിലായി 39 പഠന കേന്ദ്രങ്ങൾ ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാലക്കുണ്ട്. 23 പാഠ്യപദ്ധതിക്കും ആവശ്യമായ പഠന സാമഗ്രികളുടെ രൂപകൽപന തയ്യാറായിട്ടുണ്ട്.
കില ഡിജിറ്റൽ യൂണിവേഴ്സിറ്റി, അസാപ്, ഫാക്ടറീസ് ആൻഡ് ബോയിലേസ് എന്നീ സ്ഥാപനങ്ങളുമായി ചേർന്ന് വ്യത്യസ്ത പാഠ്യ പദ്ധതികൾ നടപ്പാക്കാൻ സർവകലാശാല ധാരണയായിട്ടുണ്ട്. 'നവകേരള നിർമ്മിതിയിൽ ഒരുതുളളി' എന്ന പദ്ധതിയിലൂടെ കേരളത്തെ സമ്പൂർണ ബിരുദ സംസ്ഥാനമാക്കുന്ന ബിഎ നാനോ എന്റർപ്രണർഷിപ്പ് പാഠ്യപദ്ധതി സർവകലാശാലയുടെ പ്രധാന ലക്ഷ്യമാണ്.