
May 21, 2025
06:05 AM
കൊട്ടാരക്കര: കൊല്ലം എം സി റോഡിൽ കലയപുരത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. പറക്കോട് ജ്യോതിസിൽ മണികണ്ഠൻ (52) ആണ് മരിച്ചത്. അങ്ങാടിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്നു.
ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് എതിർവശത്തായി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു കാർ. ഡ്രൈവർ സീറ്റിനു സമീപമുള്ള സീറ്റിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇദ്ദേഹത്തിന്റെ കൈകളിൽ പൊള്ളലേറ്റതു പോലുള്ള പാടുകളുണ്ട്. വ്യാഴാഴ്ച ഉച്ചമുതൽ കാർ ഇവിടെ ഉണ്ടായിരുന്നതായി സമീപവാസികൾ പറഞ്ഞു.
സംശയം തോന്നിയ നാട്ടുകാർ രാത്രി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. പോലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രി പത്തരയോടെ മൃതദേഹം കാറിൽനിന്ന് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഭാര്യ: ജയശ്രീ. മക്കൾ: അമൃത ജ്യോതി, ശിവ നന്ദിത.