
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വകാര്യ സുരക്ഷ കമ്പനി ജീവനക്കാരനെ കസ്റ്റംസ് പ്രവന്റീവ് ഇൻസ്പെക്ടർ മർദ്ദിച്ചതായി പരാതി.. ഗെയ്റ്റ് വേ സെക്യൂരിറ്റി ഗ്രൂപ്പിലെ ജീവനക്കാരനായ മുഹമ്മദ് തൊയ്ബിനാണ് മർദ്ദനമേറ്റത്. സെക്യൂരിറ്റി ജീവനക്കാരന്റെ പരാതിയിൽ നെടുമ്പാശ്ശേരി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സിയാലിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. ബൈക്ക് പാർക്ക് ചെയ്യാൻ അനുമതിയില്ലാത്ത സ്ഥലത്ത് കസ്റ്റംസ് പ്രവന്റീവ് ഇൻസ്പെക്ടറായ റമീസ് ബൈക്ക് പാർക്ക് ചെയ്യുകയും ഇത് ചോദ്യം ചെയ്ത സുരക്ഷാ ജീവനക്കാരനായ ത്വയ്ബിനെ മർദ്ദിക്കുകയുമായിരുന്നു. പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ചും പിന്നീട് സുഹൃത്തുകളോടൊപ്പം കാറിൽ വെച്ചും മർദ്ദിച്ചെന്ന് ത്വയിബിന്റെ പരാതിയിൽ പറയുന്നു.
എയർപോർട്ടിൽ ജോലി ചെയ്യുന്ന തൊഴിലാളിയെ മർദ്ദിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നിയമ നടപടി വേണമെന്ന ആവശ്യമായി തൊഴിലാളി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ത്വയ്ബ് നൽകിയ പരാതിയിൽ നെടുമ്പാശ്ശേരി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.