
ചാരുംമൂട്: മോഷ്ടിച്ച സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റി കറങ്ങുന്ന സംഘം അറസ്റ്റിൽ.19 കാരനൊപ്പം 15 വയസ്സ് മാത്രം പ്രായമുള്ള മൂന്ന് പേരുമാണ് പൊലീസിന്റെ പിടിയിലത്. നൂറനാട് ചെറുമുമ ഐരാണിക്കുടി മേലേ അറ്റത്തേതിൽ ആദർശ് (നന്ദു - 19) ഉള്പ്പടെയുള്ളവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് ചാരുംമൂട് ജംഗ്ഷന് സമീപം വാഹന പരിശോധന നടത്തവേയാണ് മോഷണ സംഘം പിടിയിലാകുന്നത്.
വാഹന പരിശോധനയ്ക്കിടയിൽ ആണ് നമ്പർ പ്ലേറ്റില്ലാത്ത ഒരു ആക്ടീവ പൊലീസിന്റെ ശ്രദ്ധയിൽ പെടുന്നത്. കൈ കാണിച്ചിട്ടും നിർത്താതെ കടന്നു കളയാൻ ശ്രമിച്ചു. സ്കൂട്ടറിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇരുവരെയും പൊലീസ് പിടികൂടി ചോദ്യം ചെയ്തതോടെയാണ് വാഹനം മോഷ്ടിച്ചതാണെന്ന സംശയം ബലപ്പെട്ടത്. തുടർന്ന് നൂറനാട് സിഐ ഷൈജു എബ്രാഹിമിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി സ്കൂട്ടർ മോഷ്ടിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിൽ രണ്ട് ആക്ടീവ സ്കൂട്ടറുകൾ കണ്ടെടുക്കുകയും ചെയ്തു.
ആർടിഒ സഞ്ചരിച്ച കാർ കുഴിയിൽ വീണു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 'സൂചന ബോർഡുകൾ ഉണ്ടായിരുന്നില്ല'സംഘത്തിലെ പ്രധാനി 19 കാരനായ ആദർശാണെന്ന് പൊലീസ് പറഞ്ഞു. കൂട്ടത്തിലുള്ള 15 കാരനാണ് ലോക്ക് നശിപ്പിച്ച് സ്കൂട്ടർ സ്റ്റാർട്ടാക്കുന്നതിൽ വിദഗ്ധൻ. മോഷ്ടിച്ച സ്കൂട്ടറുകൾ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റി ഓരോരുത്തർ എടുത്ത് ഉപയോഗിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ ആദർശിനെ റിമാന്റ് ചെയ്തിരിക്കുകയാണ്. പ്രായ പൂർത്തിയാകാത്ത കൂട്ടാളികളെ ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കും.