തോട്ടപ്പള്ളിയിൽ കടലിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ബിഹാർ സ്വദേശി രാജ്കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

dot image

ആലപ്പുഴ: തോട്ടപ്പള്ളിയിൽ കടലിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബിഹാർ സ്വദേശി രാജ്കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫയർ ഫോഴ്സും ദുരന്ത നിവാരണ സേനയും മൂന്ന് ദിവസങ്ങളായി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടപ്പള്ളി സ്പിൽവേയിലെ ഡ്രഡ്ജിംഗ് ജോലിക്കായെത്തിയതായിരുന്നു രാജ്കുമാർ.

തോട്ടപ്പള്ളി സ്പിൽവേയുടെ 40 ഷട്ടറുകളിൽ 39 ഷട്ടറുകളും തുറന്നു. തണ്ണീർമുക്കം ബണ്ടിന്റെ 90 ഷട്ടറുകളും തുറന്നിട്ടുണ്ട്. ഹരിപ്പാട് 71 ലക്ഷം രൂപയുടെ കൃഷിനാശമാണ് ഇതുവരെ രേഖപ്പെടുത്തിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി താലൂക്കുകൾ കേന്ദ്രീകരിച്ചുകൊണ്ട് ചാർജ് ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുട്ടനാടൻ മേഖലയിലെ വെള്ളപ്പൊക്ക സാധ്യത മുന്നിൽ കണ്ട് തോട്ടപ്പള്ളി പൊഴി മുറിക്കാൻ കളക്ടർ നിർദേശം നൽകി. സ്പിൽവേ ചാനലിലെ ജലനിരപ്പ് നിരീക്ഷിക്കാൻ ദുരന്ത നിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തി.

ഹരിപ്പാട്, കായംകുളം, ചേർത്തല മേഖലകളിൽ ദേശീയപാതയോരത്ത് വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. തീരപ്രദേശങ്ങളിൽ കടലേറ്റവും രൂക്ഷമാണ്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, ഒറ്റമശ്ശേരി, ചേർത്തല തുടങ്ങിയ ഭാഗങ്ങളിലാണ് കടലാക്രമണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്.

കനത്ത മഴയെത്തുടർന്ന് കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. താലൂക്കിലെ അങ്കണവാടികളും പ്രൊഫഷണൽ കോളേജുകളും ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധിയാണ്. മുൻ നിശ്ചയിച്ച പ്രകാരമുള്ള പിഎസ്സി, യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കഴിഞ്ഞ ദിവസം മാത്രം ജില്ലയിൽ ലഭിച്ചത് 145 മി.മീ മഴയാണ്. ജില്ലയിൽ രണ്ടുദിവസം കൂടി അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതിനാൽ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

dot image
To advertise here,contact us
dot image