കോട്ടയത്ത് ശക്തമായ കാറ്റിൽ ഓട്ടോ പാടത്തേക്ക് മറിഞ്ഞു, ബൈക്കുകളുടെയും നിയന്ത്രണം നഷ്ടപ്പെട്ടു; വീഡിയോ

യാത്രികൻ വാഹനത്തോടൊപ്പം നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്കും വീഴുന്നതും ദൃശ്യത്തിൽ കാണാം

dot image

കോട്ടയം: കോട്ടയം-കുമരകം റോഡിൽ രണ്ടാം കലുങ്കിന് സമീപമുണ്ടായ ശക്തമായ കാറ്റിൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടു. ഓട്ടോറിക്ഷ പാടത്തേക്കു മറിഞ്ഞു പോവുകയും ബൈക്കുകളുടെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തും. യാത്രികൻ വാഹനത്തോടൊപ്പം റോഡിലേക്കും വീഴുകയും ചെയ്തു. ശക്തമായ കാറ്റിന്റെയും അപകടത്തിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങളിലെ യാത്രക്കാർക്ക് പരിക്കുകളില്ല.

ഇന്നലെ വൈകുന്നേരം 6.30 ഓടെ ചുഴലിക്കാറ്റിന് സമാനമായ അതിശക്തമായ കാറ്റാണ് കുമരകം ഭാഗത്ത് ഉണ്ടായത്. കാറ്റിൽ വീടുകളുടെയും സ്ഥാപനങ്ങളുടെയും ഷീറ്റ് മേല്ക്കൂര, വാട്ടര് ടാങ്ക് അടക്കം നിലംപൊത്തി വ്യാപക നാശനഷ്ടങ്ങളുമുണ്ടായി. കൃഷിനാശവുമുണ്ടായിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഇടുക്കി, വയനാട്, കോട്ടയം ജില്ലകളിലെ വിനോദ സഞ്ചാരത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിൽ മൂന്നാർ ഉൾപ്പെടെയുള്ള മേഖലയിൽ ഇടവിട്ട് മഴ തുടരുന്നതിനാൽ പ്രശ്ന സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി യാത്ര നിരോധനവും തമിഴ്നാട്ടിലേക്ക് ദേവികുളം വഴിയുള്ള പാത മാറ്റി നിർത്തി ആനച്ചാൽ വഴി പോകാനുമാണ് നിർദേശം.

കല്ലാർ കുട്ടി, പാംബ്ല, മൂന്നാർ ഹെഡ് വർക്ക് ഡാം എന്നിവയുടെ ഷട്ടറുകൾ തുറന്നതിനാൽ പെരിയാർ, മുതിരപ്പുഴയാർ എന്നിവയുടെ തീരങ്ങളിൽ ജാഗ്രത നിർദ്ദേശമുണ്ട്. വയനാട് ജില്ലയിൽ ഖനനത്തിന് കളക്ടർ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഇന്നും നാളെയും ഖനനമോ മണ്ണെടുപ്പോ പാടില്ല. വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചിടും. മീൻ പിടിക്കരുതെന്നും പുഴയിലോ വെള്ളക്കെട്ടിലോ ഇറങ്ങരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലപ്പുറം പെരുമ്പടപ്പ് വില്ലേജിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. ഒരു കുടുംബത്തെ ക്യാമ്പിലേക്ക് മാറ്റി. വെളിയങ്കോട്, പൊന്നാനി വില്ലേജുകളിൽ 22 ആളുകളെ ബന്ധു വീടുകളിലേക്ക് മാറ്റി.

dot image
To advertise here,contact us
dot image