
പ്രതിമകള്ക്ക് പകരം ടെക്സ്റ്റയില് ഷോപ്പില് മനുഷ്യരെ ഉപയോഗിച്ചതിന് സോഷ്യല് മീഡിയയില് വിമര്ശനം. ദുബായിയിലെ ഫെസ്റ്റിവല് സിറ്റി മാളില് നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില് വിമര്ശനത്തിനിടയാക്കിയത്.
മാളിലുള്ള മാന്റോ ബ്രൈഡ് എന്ന ബ്രാന്ഡഡ് ഷോപ്പിന് മുന്നില് പ്രതിമകള്ക്കൊപ്പം വസ്ത്രങ്ങള് ഡിസ്പ്ലേ ചെയ്യാന് ഒരു യുവതിയെ നിര്ത്തിയിരിക്കുന്നതാണ് ദൃശ്യങ്ങള്. മാന്റോ ബ്രൈഡിന്റെ വസ്ത്രം ധരിച്ച് ഹൈ ഹീല്സില് മണിക്കൂറുകളോളമാണ് യുവതി ഡിസ്പ്ലേ ഫ്ലോറില് നില്കുന്നത്. പുതിയ ആശയം ബ്രാന്ഡിനെ വ്യത്യസ്തമാക്കുന്നുണ്ടെങ്കിലും മനുഷ്യരെ ഇത്തരത്തില് ഉപയോഗിക്കുന്നത് മനുഷ്യത്വ രഹിതമാണെന്നായിരുന്നു പലരുടെയും അഭിപ്രായം.
ഇന്സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. നിരവധി ആളുകള് വിഡിയോയ്ക്ക് താഴെ പ്രതികരണവുമായി രംഗത്തെത്തി. 'മികച്ച ജോലികളൊക്കെ എഐ ചെയ്യും പ്രതിമകളെ ഉപയോഗിച്ചോണ്ടിരുന്ന ജോലികളൊക്കെയാണ് ഇപ്പോള് മനുഷ്യര്ക്ക് ബാക്കിയുള്ളത് എന്നായിരുന്നു ഒരാളുടെ കമന്റ്. 'ആധുനിക അടിമത്തം' എന്ന് മറ്റൊരാള് കമന്റ് ചെയ്തു.