അക്ഷരസുകൃതം, മലയാളത്തിന്റെ എംടിക്ക് ഇന്ന് 91ാം ജന്മദിനം

മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം ടി വാസുദേവന് നായര്ക്ക് ഇന്ന് 91-ാം ജന്മദിനം

മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം ടി വാസുദേവന് നായര്ക്ക് ഇന്ന് 91-ാം ജന്മദിനം. തകര്ന്ന തറവാട്ടുവീടിന്റെ മുകളില് ചാരുപടിയുടെ മുന്നിലെ അരണ്ടവെളിച്ചത്തില് അക്ഷരങ്ങളെ കോര്ത്തിണക്കിയ ആ കൂടല്ലൂരുകാരന് മലയാളി മനസ്സിന്റെ കടലാഴങ്ങള്തൊട്ട കഥയുടെ പെരുന്തച്ചനായതിന് കാലം സാക്ഷിയാണ്. ബാല്യംതൊട്ടേ പിറന്നാളുകൾ ആഘോഷിച്ചിരുന്നില്ലെന്നും മറ്റേതുദിനം പോലെയും അതും കടന്നുപോവുമെന്നുമാണ് എംടി പറയാറുള്ളത്. പക്ഷേ മലയാളത്തിന് ഇത് മഹാഘോഷദിനമാണ്.

സാഹിത്യത്തിലോ, സാഹിത്യാസ്വാദനത്തിലോ എംടിയ്ക്ക് കുടുംബപാരമ്പര്യമൊന്നുമില്ല. കവിതകളോടും പുസ്തകങ്ങളോടുമുള്ള ആരാധനാഭാവം എങ്ങനെ രൂപപ്പെട്ടുവെന്ന് അറിയില്ല. മനസ്സ് നിറയെ എഴുതാത്ത സാഹിത്യമുണ്ട്. അതൊരു പ്രകൃതിനിയമമായിരിക്കണം. പുന്നയൂർക്കുളം ടി നാരായണൻ നായരുടെയും മാടത്ത് തെക്കേപ്പാട്ട് അമ്മാളു അമ്മയുടെയും മകന് എഴുത്തെന്നത് സ്വന്തം അസ്തിത്വത്തിന്റെ തന്നെ അന്വേഷണമായിരുന്നു.

'എന്റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ്. ഞാൻ കാണുന്ന നക്ഷത്രമാണ്. എന്നെ തഴുകുന്ന കാറ്റാണ്. എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർവെള്ളമാണ്. എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്. ഏതു നാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ്. എന്റെ ഭാഷ ഞാൻ തന്നെയാണ്'; 2015 ഏപ്രലിലില് തിരുവനന്തപുരത്തെ മലയാളം പള്ളിക്കൂടത്തിലെ ബോര്ഡില് എം ടി തല്ക്ഷണം ഇങ്ങനെ എഴുതിയത് മലയാളത്തിന്റ ഭാഷാ പ്രതിജ്ഞയായത് ചരിത്രസമർപ്പണമാണ്.

1933 ജൂലൈ 15നാണ് എംടിയുടെ ജനനം. ഇത് മലയാളത്തിന്റെ സുകൃതമായി, മലയാളിയുടെ സ്വകാര്യ അഹങ്കാരവും. ഈ ജന്മദിനത്തിന് അദ്ദേഹം കൊച്ചിയിലാണ്. എംടിയുടെ ഒൻപതു കഥകൾ ചേരുന്ന ആന്തോളജി സിനിമയുടെ ട്രെയിലർ ലോഞ്ച് ഇന്നു കൊച്ചിയിൽ നടക്കും.

To advertise here,contact us