മോഷണം പോയ ഐഫോൺ കണ്ടുപിടിച്ച് തരേണ്ടത് ആപ്പിളിന്റെ ബാധ്യതയല്ല: സുപ്രീം കോടതി

യുണീക് ഐഡെന്റിഫിക്കേഷൻ നമ്പർ ഉപയോഗിച്ച് നഷ്ടപ്പെട്ട ഫോൺ ട്രാക്ക് ചെയ്ത് തരേണ്ട ബാധ്യത ആപ്പിളിനില്ലെന്ന് സുപ്രീം കോടതി

ഡൽഹി: മോഷണം പോകുന്ന ഐഫോണുകൾ കണ്ടുപിടിച്ചു തരാൻ ആപ്പിൾ ഇന്ത്യ ബാധ്യസ്ഥരല്ലെന്ന് സുപ്രീം കോടതി. യുണീക് ഐഡെന്റിഫിക്കേഷൻ നമ്പർ ഉപയോഗിച്ച് നഷ്ടപ്പെട്ട ഫോൺ ട്രാക്ക് ചെയ്ത് തരേണ്ട ബാധ്യതയില്ലെന്നാണ് ഒഡിഷ സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ്റെ ഉത്തരവ് തള്ളിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കിയത്.

ഒഡീഷയിലെ ഒരു ഉപഭോക്താവ് മോഷണ ഇൻഷുറൻസുള്ള ഐഫോൺ വാങ്ങുകയും അത് മോഷണം പോയതായി പൊലീസിനെയും ആപ്പിൾ ഇന്ത്യയെയും അറിയിക്കുകയും ചെയ്തു. ആപ്പിൾ നടപടിയെടുക്കുമെന്നും ഉപകരണം ട്രാക്കുചെയ്യുമെന്നും ഉപഭോക്താവ് പ്രതീക്ഷിച്ചു. എന്നാൽ ആപ്പിൾ നടപടിയെടുക്കാതെ വന്നതോടെ ഇയാൾ ജില്ലാ ഉപഭോക്തൃ ഫോറത്തെ സമീപിച്ചു. വിധി ഉപഭോക്താവിന് അനുകൂലമായതോടെ ആപ്പിൾ ഇതിനെതിരം സ്റ്റേറ്റ് ഉപഭോക്തൃ കമ്മീഷനിൽ അപ്പീൽ നൽകി.

ഫോൺ നിർമ്മാതാവ് എന്ന നിലയിൽ, ഫോണിൻ്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നതിന് യുണീക് ഐഡെന്റിഫിക്കേഷൻ നമ്പർ ഉപയോഗിക്കാൻ കമ്പനി ബാധ്യസ്ഥരാണെന്ന് സ്റ്റേറ്റ് ഉപഭോക്തൃ കമ്മീഷനും വിധിച്ചു. ഈ വിധിക്കെതിരെ ആപ്പിൾ ഇന്ത്യ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. മോഷ്ടിച്ച ഫോണുകൾ ട്രാക്ക് ചെയ്യാൻ ആവശ്യപ്പെടുന്നത് കമ്പനിയുടെ ഉത്തരവാദിത്തമല്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ കമ്പനികളുടെ ബാധ്യതകളുടെ പരിധി വ്യക്തമാക്കി സംസ്ഥാന കമ്മിഷൻ്റെ ഉത്തരവിലെ വിവാദ ഖണ്ഡിക നീക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.

To advertise here,contact us