ഐഫോണിന് ഇനി ടൈപ്പ് സി ചാർജർ; യൂറോപ്യന് യൂണിയന്റെ നിയന്ത്രണത്തിൽ ആപ്പിൾ

സ്വന്തമായി നിര്മ്മിച്ച ലൈറ്റ്നിങ് കേബിള് ആണ് ഐഫോണ് ഉള്പ്പടെയുള്ള ഉപകരണങ്ങളില് ആപ്പിള് ഉപയോഗിച്ച് വന്നിരുന്നത്

ഐഫോണ് 15 പുറത്തിറങ്ങാന് മണിക്കൂറുകള് മാത്രമാണ് ബാക്കി. ഫീച്ചറുകളിൽ മുൻ സീരീസിൽ നിന്ന് വലിയ മാറ്റമില്ലെങ്കിലും 'ടൈപ് സി' കേബിൾ എന്ന മാറ്റത്തോടെയാണ് പുതിയ സീരീസിലെ ഫോണുകൾ വിപണിയിലെത്തുക.

സ്വന്തമായി നിര്മ്മിച്ച ലൈറ്റ്നിങ് കേബിള് ആണ് ഐഫോണ് ഉള്പ്പടെയുള്ള ഉപകരണങ്ങളില് ആപ്പിള് ഉപയോഗിച്ച് വന്നിരുന്നത്. ആന്ഡ്രോയിഡിന് സമാനമായി സി ടൈപ്പ് കേബിളുമായി എത്തുന്ന ഫോണുകൾ വലിയൊരു മാറ്റത്തിന്റെ തുടക്കമാണ്. എന്നാൽ ഈ തീരുമാനം ആപ്പിൾ സ്വമേധയാ കൈക്കൊണ്ടതല്ല, കമ്പനി അതിന് നിർബന്ധിതമാകുകയായിരുന്നു.

എല്ലാ പുതിയ ഫോണുകളിലും യുഎസ്ബി ടൈപ്പ് സി ചാര്ജിങ് കേബിള് ആയിരിക്കണം എന്നാണ് യൂറോപ്യന് യൂണിയന്റെ കര്ശന നിയമം. സ്മാര്ട്ഫോണുകള്ക്ക് പുറമെ, ടാബ്ലെറ്റുകള്, ഡിജിറ്റല് ക്യാമറകള്, സ്പീക്കറുകള് ഉള്പ്പടെയുള്ള എല്ലാ ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങള്ക്കും 2024-ഓടെ ടൈപ്പ് സി ചാര്ജറിലേക്ക് മാറണം. ഇലക്ട്രോണിക് ഉപകരണങ്ങള്ക്ക് വേണ്ടി ഉപഭോക്താക്കള്ക്ക് ഒന്നിലധികം ചാര്ജറുകള് വാങ്ങേണ്ട പ്രയാസം മറികടക്കുകയും അതുവഴിയുണ്ടാകുന്ന ഇ-വേസ്റ്റ് കുറയ്ക്കുകയുമാണ് ലക്ഷ്യം.

സുരക്ഷയെയും ഊര്ജ ക്ഷമതയെയും ബാധിക്കുമെന്നും വലിയ രീതിയില് വേസ്റ്റ് നിര്മ്മിക്കപ്പെടാന് ഇടയാക്കുമെന്നുമായിരുന്നു കമ്പനിയുടെ വാദം. എന്നാൽ ആപ്പിളിന് യൂറോപ്യൻ യൂണിയന്റെ നിയമത്തിന് വഴങ്ങേണ്ടി വന്നു. അടുത്തിടെ പുറത്തിറങ്ങിയ ഐപാഡുകളിലും മാക്ക്ബുക്കുകളിലും ഇതിനകം ടൈപ്പ് സി കേബിള് അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം യൂറോപ്പിലെ വിപണിയിൽ മാത്രമാകുമോ പുതിയ ഫോണുകളിലെ മാറ്റമെന്ന് വ്യക്തമായിട്ടില്ല.

ആപ്പിളിന്റെ ഉപകരണങ്ങള് തമ്മിലുള്ള ഇക്കോസിസ്റ്റം നിലനിര്ത്തുന്നതില് മറ്റാരും ഉപയോഗിക്കാത്ത ലൈറ്റ്നിങ് കേബിള് വലിയ പങ്കുവഹിച്ചിട്ടുണ്ട്. ടൈപ്പ് സിയിലേക്ക് മാറുമ്പോള് ആപ്പിള് ഇക്കോസിസ്റ്റത്തിന്റെ നിയന്ത്രണം നിലനിര്ത്താന് കമ്പനി എന്തു ചെയ്യും എന്ന് കാത്തിരുന്ന് അറിയണം.

To advertise here,contact us