സാൻഫ്രാൻസിസ്കോ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം എക്സിൽ (ട്വിറ്റർ) കോളിങ് ഫീച്ചർ ഉടൻ വരുമെന്ന് അഭ്യൂഹങ്ങൾ കുറച്ചു നാളായി സജീവമാണ്. എക്സ് തലവൻ ഇലോൺ മസ്ക് ഇപ്പോള് ആ അഭ്യൂഹങ്ങള് സ്ഥിരീകരിച്ചിരിക്കുകയാണ്. പ്ലാറ്റ്ഫോമിലേക്ക് ഉടൻ തന്നെ ഓഡിയോ-വീഡിയോ കോൾ ഫീച്ചറുകൾ എത്തുമെന്ന് മസ്ക് അറിയിച്ചു.
'ഇഫക്റ്റീവ് ഗ്ലോബൽ അഡ്രസ് ബുക്ക്' ആയി പ്രവർത്തിക്കുന്ന എക്സിൽ ഫോൺ നമ്പർ ആവശ്യമില്ലാതെ തന്നെ പരസ്പരം വിളിക്കാൻ കഴിയുമെന്ന് മസ്ക് പ്രഖ്യാപിച്ചു. ഐഒഎസ്, ആൻഡ്രോയിഡ്, മാക്, വിൻഡോസ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും ഈ ഫീച്ചർ ലഭ്യമാകുമെന്ന് അദ്ദേഹം അറിയിച്ചു.
Video & audio calls coming to X:- Works on iOS, Android, Mac & PC- No phone number needed- X is the effective global address book That set of factors is unique.
ഈ മാസം ആദ്യം എക്സിലെ ഡിസൈനറായ ആൻഡ്രിയ കോൺവേ പ്ലാറ്റ്ഫോമിൽ കോൾ ഫീച്ചറുകൾ വരുന്നതിന്റെ സൂചന നൽകിയിരുന്നു. 'എക്സിൽ ഒരാളെ വിളിച്ചു,' എന്നാണ് കോൺവേ എക്സിൽ പോസ്റ്റ് ചെയ്തത്. പിന്നാലെ പ്ലാറ്റ്ഫോമിന് ഉടൻ തന്നെ ഒരു ബിൽറ്റ്-ഇൻ വോയ്സ് കോൾ ഫീച്ചർ ലഭിക്കുമെന്ന് അനലിസ്റ്റുകൾ അറിയിച്ചിരുന്നു.
നിലവിൽ എക്സിൽ തത്സമയ സംഭാഷണങ്ങൾ നടത്താനുള്ള ഏക മാർഗം സ്പെയ്സിലൂടെയാണ്. ഇത് സോഷ്യൽ ഓഡിയോ ആപ്പായ ക്ലബ്ഹൗസിനോട് സാമ്യമുള്ളതാണ്. എന്നാൽ ആർക്കും സ്പെയ്സിലേക്ക് ട്യൂൺ ചെയ്യാന് സാധിക്കുമെന്നതിനാൽ വൺ ടു വൺ സംഭാഷണങ്ങൾക്ക് ഇത് അനുയോജ്യമല്ല.