ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ 70 വയസുകാരന് നഷ്ടമായത് 10 കോടി രൂപ. ഡൽഹിയിലെ രോഹിണിയിലാണ് സംഭവം. റിട്ട. എഞ്ചിനീയറായ 70-കാരന്റെ പേരിലയക്കാനുള്ള മാരകമയക്കുമരുന്ന് അടങ്ങിയ പാഴ്സൽ പിടികൂടിയെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. തായ്വാനിൽ നിന്നെത്തിയ മയക്കുമരുന്ന് കണ്ടെത്തിയതായാണ് തട്ടിപ്പുകാർ അറിയിച്ചത്.
തൻ്റെ പേരെഴുതിയ പാഴ്സൽ മുംബൈ വിമാനത്താവളത്തിൽ വെച്ച് പിടികൂടിയെന്ന് തട്ടിപ്പുകാർ പറഞ്ഞതായി എഞ്ചിനീയർ പറഞ്ഞു. എഞ്ചിനീയറുടെ വ്യക്തിഗത വിവരങ്ങൾ തട്ടിപ്പുകാർ ചോദിച്ചറിയുകയും ചെയതിരുന്നു. പാഴ്സലിൽ നിരോധിത മയക്കുമരുന്നുണ്ടെന്നും മുംബൈ പൊലീസ് ഉദ്യോഗസ്ഥർ സംസാരിക്കുമെന്നും വിളിച്ചയാൾ പറഞ്ഞു.
നിയമപാലകരെന്ന വ്യാജേന തട്ടിപ്പുകാർ എഞ്ചിനീയറെ നിർബന്ധിച്ച് വിവിധ അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്യിപ്പിക്കുകയായിരുന്നു. ദുബായിൽ താമസിക്കുന്ന മകനെയും സിംഗപ്പൂരിൽ താമസിക്കുന്ന മകളെയും ആക്രമിക്കുമെന്നും തട്ടിപ്പുകാർ ഭീഷണിപ്പെടുത്തിയതായി അദ്ദേഹം പൊലീസിനോട് പറഞ്ഞു.
നഷ്ടമായ തുകയിൽ 60 ലക്ഷം രൂപ മരവിപ്പിക്കാൻ പൊലീസിന് കഴിഞ്ഞു. ബാക്കിയുള്ളത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പണം കണ്ടെത്തുന്നതിനായി സൈബർ വിദഗ്ധരുടെ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഓര്ക്കുക, രാജ്യത്തെ ഒരു അന്വേഷണ ഏജന്സിയും വീഡിയോ കോളിലൂടെ ആരെയും അറസ്റ്റ് ചെയ്യില്ല. രാജ്യത്ത് വര്ധിച്ചുവരുന്ന സൈബര് തട്ടിപ്പ് രീതികളില് ഒന്നുമാത്രമാണ് 'ഡിജിറ്റല് അറസ്റ്റ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില് പരിഭ്രാന്തി വേണ്ട, ജാഗ്രത മതി.