ബെഗംളൂരു: സമൂഹമാധ്യമങ്ങളില് വൈറലാകാന് നിര്ത്തിയിട്ട ടാങ്കറിന് മുന്നില് സഞ്ചിയില് പെട്രോള് നിറച്ച് പടക്കമിട്ട് പൊട്ടിച്ച് യുവാക്കള്. കര്ണാടകയിലെ ഹാസനിലാണ് സംഭവം. സംഭവത്തില് മൂന്ന് വിദ്യാര്ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയില് ഹാജരാക്കിയ ശേഷം പിഴ ഈടാക്കി വിട്ടയച്ചു.സംഭവത്തിന്റെ 25സെക്കന്റ് ദൈര്ഘ്യമുള്ള ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില് പ്രചരിക്കുകയാണ്. പ്ലാസ്റ്റിക് കവറില് പെട്രോള് നിറച്ച ശേഷം കവറില് പടക്കമിട്ട് കെട്ടിവെയ്ക്കുന്നത് ദൃശ്യങ്ങളില് കാണാം. പിന്നീട് ഈ കവര് നിര്ത്തിയിട്ട ടാങ്കറിന് മുന്നില് വെയ്ക്കുകയും തീകൊളുത്തുകയുമായിരുന്നു. യുവാക്കള് സുരക്ഷിത സ്ഥാനത്തേക്ക് ഓടിമാറുന്നതും ദൃശ്യങ്ങളില് കാണാം. ടാങ്കറിലേക്ക് തീ ആളിപ്പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി.