ആഗോളവത്കരണത്തിൻ്റെ സാധ്യതകളെ 'മൂലധനമാക്കി'; ടാറ്റയെ വേറെ ലെവലാക്കിയ രത്തൻ ടാറ്റ

156 വ‍ർഷത്തെ പാരമ്പര്യമുള്ള ടാറ്റ ​ഗ്രൂപ്പിൻ്റെ ചരിത്രത്തിൽ രത്തൻ ടാറ്റയുടെ പ്രാധാന്യം സവിശേഷമായി തന്നെ അടയാളപ്പെടുത്തപ്പെടും

2 min read|14 Oct 2024, 04:56 pm

രാജ്യത്തെ ബിസിനസ് ഇക്കോസിസ്റ്റത്തെ മാറ്റിമറിച്ച, വിദേശ മൂലധനനിക്ഷേപത്തിൻ്റെ അടക്കം സാധ്യതകൾക്കായി സാമ്പത്തിക നയസമീപനത്തിൽ മാറ്റം വരുത്തിയ കാലത്തായിരുന്നു ടാറ്റ ​ഗ്രൂപ്പിനെ നയിക്കാൻ രത്തൻ ടാറ്റ നിയോ​ഗിതനാകുന്നത്. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ​ഗ്രൂപ്പായിരുന്ന ഒരു വ്യവസായ സാമ്രാജ്യത്തിൻ്റെ ചെയ‍ർ‌മാൻ പദവിയിലേയ്ക്കായിരുന്നു നിർണ്ണായകമായ സാമ്പത്തിക നയമാറ്റ സമയത്ത് രത്തൻ ടാറ്റ നിയോ​ഗിതനായത്. സ്വാതന്ത്ര്യത്തിൻ്റെ മുമ്പുള്ള ടാറ്റാ ​ഗ്രൂപ്പിൻ്റെ ചരിത്രം, സ്വാതന്ത്രത്തിന് ശേഷം രത്തൻ ടാറ്റ ​ഗ്രൂപ്പിൻ്റെ ചെയ‍ർമാൻ പദവി ഏറ്റെടുക്കുന്നത് വരെയുള്ള കാലത്തെ ചരിത്രം, രത്തൻ ടാറ്റയുടെ കാലത്തെ ചരിത്രം എന്നിങ്ങനെ ടാറ്റ ​ഗ്രൂപ്പിൻ്റെ ചരിത്രത്തെ വേർതിരിച്ച് അടയാളപ്പെടുത്താൻ കഴിയുന്ന വിധം കയ്യൊപ്പ് പതിപ്പിച്ചതായിരുന്നു രത്തൻ ടാറ്റയുടെ നേതൃത്വം. 156 വ‍ർഷത്തെ പാരമ്പര്യമുള്ള ടാറ്റ ​ഗ്രൂപ്പിൻ്റെ ചരിത്രത്തിൽ രത്തൻ ടാറ്റയുടെ പ്രാധാന്യം സവിശേഷമായി തന്നെ അടയാളപ്പെടുത്തപ്പെടും.

ബ്രിട്ടീഷ് കാലത്ത് രാജ്യത്തെ വ്യാവസായിക മേഖലയിലെ തലയെടുപ്പുള്ള ഇന്ത്യൻ കമ്പനിയെന്ന ഖ്യാതി ടാറ്റ ​ഗ്രൂപ്പിനുണ്ടായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ വൈദ്യുതി സംവിധാനമുള്ള ആദ്യഹോട്ടൽ എന്ന ഖ്യാതിയോടെ ബോംബെയിലെ കോളാബയിൽ ടാറ്റ ​ഗ്രൂപ്പ് താജ് മഹൽ ഹോട്ടൽ തുറക്കുന്നത് 1903ലാണ്. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ ആദ്യദശകത്തിൽ തന്നെ രാജ്യത്തെ വ്യാവസായിക വിപ്ലവത്തിൻ്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് ടാറ്റ അയൺ ആൻഡ് സ്റ്റിൽ കമ്പനി ടാറ്റ ​ഗ്രൂപ്പ് ആരംഭിച്ചിരുന്നു. 1932 ടാറ്റ ​ഗ്രൂപ്പ് പിന്നീട് ടാറ്റ എയ‌ർലൈൻസ് എന്ന് വിളിക്കപ്പെട്ട ടാറ്റ എയ‍ർ സ‍ർവീസ് ആരംഭിച്ചു. ഈ നിലയിൽ രാജ്യം സ്വാതന്ത്രത്തിലേയ്ക്ക് എത്തുമ്പോഴേയ്ക്കും ഇന്ത്യയിലെ എണ്ണം പറഞ്ഞ ബിസിനസ് ​ഗ്രൂപ്പായി ടാറ്റ മാറിയിരുന്നു. ജാംഷെഡ്ജി ടാറ്റ, ദൊറാബ്ജി ടാറ്റ, ജെആർഡി ടാറ്റ തുടങ്ങിയവരുടെ നേതൃത്വത്തിൽ ടാറ്റ ​ഗ്രൂപ്പ് അവരുടെ ബിസിനസ് സാമ്രാജ്യത്തെ വളർത്തുകയും വികസിപ്പിക്കുകയും ചെയ്തു.

To advertise here,contact us