'എന്താണ് ഇവിടെ നടക്കുന്നത്?'; ഇഡിക്കും ദില്ലി ഹൈക്കോടതിക്കും സുപ്രീം കോടതിയുടെ രൂക്ഷവിമർശനം

വിചാരണ കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി അകാരണമായി തടഞ്ഞതിനെ ചോദ്യം ചെയ്തായിരുന്നു ഹർജി

ന്യൂഡൽഹി: കള്ളപ്പണ ഇടപാട് കേസ് പ്രതിയുടെ ജാമ്യം നടപ്പാക്കുന്നത് തടഞ്ഞ ഇ ഡിക്കും ഹൈക്കോടതി ഉത്തരവിനുമെതിരെ സുപ്രീം കോടതിയുടെ വിമര്ശനം. എന്താണ് സംഭവിക്കുന്നതെന്ന് ഇഡിയോട് ചോദിച്ച കോടതി സംഭവം ഞെട്ടിപ്പിക്കുന്നതെന്നും ഇഡിയോട് മറുപടി നൽകാനും ആവശ്യപ്പെട്ടു.

കള്ളപ്പണ ഇടപാട് കേസിൽ അകപ്പെട്ട പർവീന്ദർ സിങ് ഖുറാന എന്ന വ്യക്തിയുടെ ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ വിമർശനം. വിചാരണ കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി അകാരണമായി തടഞ്ഞതിനെ ചോദ്യം ചെയ്തായിരുന്നു ഹർജി. ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധി ഉണ്ടെന്നിരിക്കെ എങ്ങനെയാണ് അത് സ്റ്റേ ചെയ്യുന്നതെന്നും അതും ഒരു കൊല്ലത്തേക്കൊക്കെ എങ്ങനെയാണ് സാധിക്കുന്നതെന്നും കോടതി ചോദിച്ചു. എന്ത് സൂചനയാണ് ഇതിലൂടെ നമ്മൾ നൽകുന്നതെന്നും സുപ്രീം കോടതി ചോദിച്ചു.

സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് പറഞ്ഞ സുപ്രീം കോടതി ജാമ്യം സ്റ്റേ ചെയ്യണമെന്ന് എങ്ങനെ ഇഡിക്ക് ആവശ്യപ്പെടാനാകുമെന്നും പ്രതി എന്താ തീവ്രവാദിയാണോ എന്നും ചോദിച്ചു. പ്രതിയുടെ ജാമ്യം സ്റ്റേ ചെയ്ത നടപടി റദ്ദാക്കുമെന്ന് പറഞ്ഞ സുപ്രീംകോടതി ഈ വിഷയത്തിൽ ഇഡിയോട് മറുപടി നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

To advertise here,contact us