ബിജെപി 'ദളിത് വിരുദ്ധ' പാർട്ടി; തുറന്നടിച്ച് ബിജെപി എംപി

കേന്ദ്രമന്ത്രമാരിൽ ഭൂരിഭാഗവും ഉന്നതജാതിക്കാരാണെന്നും ദളിതർക്ക് അർഹമായ പ്രാതിനിധ്യം ഇല്ലെന്നും ജിഗജിനാഗി പറഞ്ഞു

ബെംഗളൂരു: ബിജെപി ദളിത് വിരുദ്ധ പാർട്ടിയെന്ന് തുറന്നടിച്ച് വിജയപുര മണ്ഡലത്തിലെ ബിജെപിഎംപി രമേഷ് ജിഗജിനാഗി. കേന്ദ്രമന്ത്രമാരിൽ ഭൂരിഭാഗവും ഉന്നതജാതിക്കാരാണെന്നും ദളിതർക്ക് അർഹമായ പ്രാതിനിധ്യം ഇല്ലെന്നും ജിഗജിനാഗി പറഞ്ഞു.

'ബിജെപി ദളിത് വിരുദ്ധ പാർട്ടിയാണെന്നും അങ്ങോട്ട് പോകരുതെന്നും തന്നോട് ഒരുപാട് പേർ പറഞ്ഞിരുന്നു. തനിക്ക് കേന്ദ്രമന്ത്രി സ്ഥാനം ആവശ്യപ്പെടാൻ ആഗ്രഹമില്ല. എന്നാൽ എംപിയായി തിരിച്ചെത്തിയ ശേഷം മന്ത്രിയാകാത്തതെന്തുകൊണ്ടെന്ന ചോദ്യവുമായി ജനങ്ങൾ തനിക്കെതിരെ രംഗത്തുവന്നിരുന്നു. ബിജെപി ദളിത് വിരുദ്ധത ഞാൻ ഇങ്ങോട്ട് വരുമ്പോൾത്തന്നെ ആലോചിക്കണമായിരുന്നു.'; രമേഷ് ജിഗജിനാഗി പറഞ്ഞു.

'ഒരു ദളിതനായ ഞാൻ ഏഴ് തവണയാണ് ദക്ഷിണേന്ത്യയിൽ വിജയിച്ചത്. എന്നിട്ടും ഉന്നതജാതിക്കാർക്കാണ് ക്യാബിനറ്റ് സ്ഥാനങ്ങളെല്ലാം. ദലിതുകൾ ബിജെപിയെ പിന്തുണച്ചിട്ടേയില്ലേ? ഇത് എന്നെ വേദനിപ്പിക്കുകയാണ്'; ജിഗജിനാഗി കൂട്ടിച്ചേർത്തു.

72 വയസുള്ള രമേഷ് ജിഗജിനാഗി 1998ലാണ് ആദ്യമായി മത്സരിക്കുകയും ജയിക്കുകയും ചെയ്യുന്നത്. 2016 മുതൽ 2019 കേന്ദ്രമന്ത്രിസഭയിൽ സഹമന്ത്രി സ്ഥാനവും വഹിച്ചിരുന്നു.

To advertise here,contact us