ജോലി തട്ടിപ്പിൽപ്പെട്ട് സൈന്യത്തിലെത്തിയ ഇന്ത്യക്കാരെ ഒഴിവാക്കും; മോദിക്ക് പുടിൻ്റെ ഉറപ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയം ഉയർത്തിയതിന് പിന്നാലെയായിരുന്നു പുടിന്റെ 'ഉടനടി' നടപടി

മോസ്കോ: ജോലിതട്ടിപ്പിൽ പെട്ട് റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന ഇന്ത്യക്കാരെ ഒഴിവാക്കാനുള്ള നിർണായക തീരുമാനമെടുത്ത് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയം ഉയർത്തിയതിന് പിന്നാലെയായിരുന്നു പുടിന്റെ 'ഉടനടി' നടപടി.

വലിയ ശമ്പളമുള്ള ജോലി വാഗ്ദാനത്തിൽ കബളിക്കപ്പെട്ടാണ് ഇന്ത്യക്കാരായ നിരവധി യുവാക്കൾ റഷ്യയിൽ എത്തിയത്. എന്നാൽ റഷ്യയിൽ എത്തിയശേഷം ഇവരെ യുക്രെയ്ൻ യുദ്ധമേഖലയിലേക്ക് നിർബന്ധിതമായി പറഞ്ഞുവിടുകയായിരുന്നു. ഇതുവരെ ഗുജറാത്ത്, ഹൈദരാബാദ് സ്വദേശികളായ രണ്ട് യുവാക്കൾ ഇത്തരത്തിൽ യുദ്ധമേഖലയിൽ മരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ പഞ്ചാബ്, ഹരിയാന സ്വദേശികൾ റഷ്യയിൽ നിന്ന് പങ്കുവെച്ച വീഡിയോയും കേരളത്തിലെ അഞ്ചുതെങ്ങ് സ്വദേശികളുടെ വാർത്തകളുമെല്ലാം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി മോസ്കോയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുടിനോട് ഇക്കാര്യം സൂചിപ്പിച്ചത്. മറുപടിയായി ഉടൻ തന്നെ യുദ്ധമുഖത്തിലെ എല്ലാ ഇന്ത്യക്കാരെയും ഒഴിവാക്കാനുളള തീരുമാനം പുടിൻ എടുക്കുകയായിരുന്നു. ഇതോടെ ഈ വിഷയത്തിൽ വലിയ നയതന്ത്ര വിജയം നേടിയിരിക്കുകയാണ് ഇന്ത്യ.

മോദിയുമായി ഊഷ്മള ബന്ധം സൂക്ഷിക്കുന്ന പുടിൻ റഷ്യയിലെത്തിയ ഉടൻ തന്നെ മോദിയെ പ്രശംസ കൊണ്ട് മൂടിയിരുന്നു. മോദിക്ക് ഇന്ത്യയിലെ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാനായെന്ന് പുടിൻ പറഞ്ഞപ്പോൾ മൂന്നാം തവണയും അധികാരത്തിൽ എത്തിയത് വലിയ നേട്ടമാണെന്ന് പുടിനോട് മോദി പറഞ്ഞു.

നിരവധി മലയാളി യുവാക്കളും കൂടിയാണ് റഷ്യയിൽ ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യപ്പെട്ട് തട്ടിപ്പിനിരയായത്. നേരത്തെ തിരുവനന്തപുരത്ത് നിന്നും റഷ്യയിലേക്കുള്ള മനുഷ്യക്കടത്തിൽ രണ്ട് പേർ അറസ്റ്റിലായിരുന്നു. റഷ്യൻ യുദ്ധഭൂമിയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന സംഘത്തിലെ രണ്ടുപേരാണ് പിടിയിലായത്. റഷ്യയിൽ നിന്ന് നാട്ടിലെത്തിയവർ സിബിഐയ്ക്ക് മൊഴി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് മുഖ്യ ഇടനിലക്കാരന് പ്രിയനും സഹായി അരുണും അറസ്റ്റിലായത്. സിബിഐയുടെ ദില്ലി യൂണിറ്റ് തിരുവനന്തപുരത്തുവെച്ചാണ് ഇരുവരേയും പിടികൂടിയത്.

ഏഴ് ലക്ഷത്തോളം രൂപ നാട്ടില് നിന്നും പ്രിയന് കൈമാറിയെന്ന് റഷ്യയില് രക്ഷപ്പെട്ടെത്തിയവരും ബന്ധുക്കളും സിബിഐക്ക് മൊഴി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

To advertise here,contact us