കൈകൾ പിടിച്ച് ട്രെയിനിന് മുന്നിലേക്ക് അച്ഛനും മകനും; ദാരുണാന്ത്യം, അസ്വാഭാവിക മരണത്തിന് കേസ്

മുംബൈയിൽ നിന്ന് 32 കിലോമീറ്റർ അകലെയുള്ള ഭയന്ദർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്

മുംബൈ: മഹാരാഷ്ട്രയിൽ അച്ചനും മകനും ട്രെയിനിന് മുന്നില് ചാടി ജീവനൊടുക്കി. മുംബൈയിലെ നലസോപാര സ്വദേശികളായ ജയ് മേത്ത (35), പിതാവ് ഹരീഷ് മേത്ത (60) എന്നിവരാണ് മരിച്ചത്. ഇരുവരും കൈകള് ചേർത്ത് പിടിച്ച് ട്രെയിനിന് മുന്നിലേക്ക് നടന്നടുക്കുന്നതിന്റെ അടക്കം ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്. മുംബൈയിൽ നിന്ന് 32 കിലോമീറ്റർ അകലെയുള്ള ഭയന്ദർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.

റെയില്വെ സ്റ്റേഷനിലൂടെ ഇരുവരും നടന്നുപോകുന്നതിന്റെയും ദൃശ്യങ്ങള് പുറത്തുവന്നു. പ്ലാറ്റ്ഫോമിലൂടെ നടക്കുന്നതിനിടയിൽ അച്ഛനും മകനും പരസ്പരം സംസാരിക്കുന്നത് വീഡിയോയിൽ കാണാം. പ്ലാറ്റ്ഫോമിൻ്റെ അറ്റത്ത് എത്തിയപ്പോൾ ഇരുവരും ഇറങ്ങി ട്രാക്കുകൾ മുറിച്ചുകടന്നു. കൈകൾ പിടിച്ച് ഇരുവരും ട്രാക്കുകൾ മുറിച്ചുകടക്കുകയും ട്രെയിൻ സമീപത്ത് എത്തുമ്പോൾ റെയിൽവേ ട്രാക്കിൽ കിടക്കുകയുമായിരുന്നു.

ഭയന്ദർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം നമ്പർ ആറിലാണ് സംഭവം നടന്നത്. വിരാറിൽനിന്ന് ചർച്ച്ഗേറ്റിലേക്ക് പോവുകയായിരുന്നു ട്രെയിൻ. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)

To advertise here,contact us