'ഒരാളെ സംരക്ഷിക്കാൻ സർക്കാരിന് എന്താണ് ഇത്ര താത്പര്യം?'; സന്ദേശ്ഖാലി കേസിൽ സുപ്രീംകോടതി

എന്തിനാണ് ഒരാളെ രക്ഷിക്കാൻ സർക്കാരിന് ഇത്ര താത്പര്യം എന്ന് ചോദിച്ച കോടതി ബംഗാൾ സർക്കാരിന്റെ അപ്പീൽ തള്ളുകയും ചെയ്തു

ന്യൂഡൽഹി: സന്ദേശ്ഖാലി കേസിൽ സിബിഐ അന്വേഷണം ചോദ്യം ചെയ്തുള്ള ബംഗാൾ സർക്കാരിന്റെ അപ്പീൽ പരിഗണിക്കവെ സുപ്രധാന ചോദ്യവുമായി സുപ്രീംകോടതി. എന്തിനാണ് ഒരാളെ രക്ഷിക്കാൻ സർക്കാരിന് ഇത്ര താത്പര്യം എന്ന് ചോദിച്ച കോടതി ബംഗാൾ സർക്കാരിന്റെ അപ്പീൽ തള്ളുകയും ചെയ്തു.

ജസ്റ്റിസുമാരായ ബി ആര് ഗവായ്, കെ വി വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാനത്തിനുവേണ്ടി ഹാജരായ അഭിഭാഷകനോട് ചോദ്യം ചോദിച്ചത്. കൽക്കട്ട ഹൈക്കോടതി ഏപ്രിലിലാണ് ഷാജഹാൻ ഷെയ്ക്കിനെതിരായ കേസുകൾ ഹൈക്കോടതി സിബിഐക്ക് വിട്ടത്. സന്ദേശ്ഖാലി അതിക്രമമടക്കമുള്ള നാല്പതോളം കേസുകളിലാണ് ഷാജഹാൻ നേരെ അന്വേഷണം നടക്കുന്നത്. ഇതിനെതിരെയായിരുന്നു സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

നേരത്തെയും സന്ദേശ്ഖാലി വിഷയത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സിബിഐ അന്വേഷണത്തെ എതിർത്തതിനായിരുന്നു അന്നും കോടതിയുടെ വിമർശനം. ഒരു വ്യക്തിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാനായി എങ്ങനെയാണ് ഒരു സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയെ സമീപിക്കാൻ കഴിയുന്നതെന്ന് അന്നും കോടതി ചോദിച്ചു.

സംസ്ഥാനത്തിനെതിരായ പരാമർശങ്ങളും നിരീക്ഷണങ്ങളും ഉണ്ടായതിനാലാണ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തതെന്നായിരുന്നു സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ പ്രതികരണം. ശേഷം ഇന്ന് വാദം കേട്ടപ്പോഴും കോടതി സമാന ചോദ്യം ഉന്നയിക്കുകയായിരുന്നു.

To advertise here,contact us