മുംബൈ: അമിത വേഗത്തിലെത്തിയ ബിഎംഡബ്ല്യു കാർ ബൈക്കിൽ ഇടിച്ച് യുവതി മരിച്ച സംഭവത്തിലെ പ്രതിയായ മിഹിർ ഷാ മുംബൈ പബ്ബിൽ നിന്ന് ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അപകടം നടക്കുന്നതിന് മുമ്പുളള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പ്രതിയായ മിഹിർ ഷാ ശിവസേന ഷിൻഡെ വിഭാഗം നേതാവ് രാജേഷ് ഷായുടെ മകനാണ്. സംഭവത്തിന് ശേഷം മിഹിർ ഒളിവിലാണ്.
കാർ ഉടമയായ ശിവസേന ഷിൻഡെ വിഭാഗം നേതാവ് രാജേഷ് ഷായെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. വോർളിയിലെ ഷിൻഡെ വിഭാഗം പ്രദേശിക നേതാവാണ് രാജേഷ് ഷാ. രാജേഷ് ഷായുടെ മകൻ മിഹിർ ഷായാണ് വാഹനം ഓടിച്ചിരുന്നത്. കേസിനോട് അനുബന്ധിച്ചുളള കാര്യങ്ങളിൽ പൊലീസിനോട് സഹകരിക്കാത്തതിന് തുടർന്നാണ് നടപടിയെടുത്തത്. ഡ്രൈവർ രാജേന്ദ്ര സിംഗ് ബിജാവത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബിഎംഡബ്ല്യു കാർ ബൈക്കിലിടിച്ച് യുവതി മരിച്ച സംഭവം; കാർ ഉടമയായ ശിവസേന ഷിൻഡെ വിഭാഗം നേതാവ് അറസ്റ്റിൽ
അപകടസമയത്ത് മിഹിർ ഷായ്ക്കൊപ്പം ഡ്രൈവറും കൂടെ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. ഭാരതീയ ന്യായ സംഹിത പ്രകാരം കൊലപാതകം, അശ്രദ്ധമായി വാഹനം ഓടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പിലെ വ്യവസ്ഥകളും ഉൾപ്പെടുത്തി ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. അപകടത്തിന് ശേഷം മിഹിർ തൻ്റെ പിതാവിനെ വിളിച്ചതായി തെളിവുകളുണ്ട്. അതിന് ശേഷമാണ് മിഹിറിന്റെ ഫോൺ ഓഫായതെന്നും പൊലീസ് അറിയിച്ചു. പൊലീസിൻ്റെ അന്വേഷണത്തിൽ തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നതായി തെളിഞ്ഞിട്ടുണ്ട്.
CCTV Footage Shows Sena Leader's Son In Mercedes Before BMW CrashThe cops said Mihir Shah changed the car later and was driving the BMW while his driver was in the passenger seat. pic.twitter.com/usBJIeY0cj
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളായ പ്രദീപ് നഖാവും കാവേരി നഖാവുമാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിലെത്തിയ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു. മത്സ്യത്തൊഴിലാളികളായ പ്രദീപും കാവേരിയും മത്സ്യം വാങ്ങി മടങ്ങുകയായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ടതോടെ പ്രദീപ് ചാടിയിറങ്ങിയെങ്കിലും കൈയിലെ ഭാരം കാരണം കാവേരിക്ക് ബൈക്കിൽ നിന്ന് ചാടിയിറങ്ങാനായില്ല. ഗുരുതരമായി പരിക്കേറ്റ കാവേരിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.