ന്യൂഡൽഹി: വിരാട് കോഹ്ലിയുടെ ലോകകപ്പ് അനുഭവപരാമർശത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിമർശനായുധമാക്കി മാറ്റി കോൺഗ്രസ്. കോഹ്ലിയുടെ പരാമർശത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പ് തോൽവിയുമായി കൂട്ടിച്ചേർത്തായിരുന്നു കോൺഗ്രസ് നേതാവിന്റെ വിമർശനം.
പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുക്കവെ തന്റെ ലോകകപ്പ് അനുഭവങ്ങൾ വിവരിക്കുകയായിരുന്നു കോഹ്ലി. "ടീമിനായി ഞാൻ ആഗ്രഹിച്ച സംഭാവന ടൂർണമെൻ്റിലുടനീളം നൽകാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. ടീമിനോട് ഞാൻ നീതി പുലർത്തിയില്ലെന്ന് രാഹുൽ ഭായിയോട് (ദ്രാവിഡ്) ഞാൻ പറഞ്ഞു. എന്നാൽ സമയമാകുമ്പോൾ നല്ല പ്രകടനം നടത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്."
"മൈതാനത്ത് ഞാൻ ചെയ്യാൻ ശ്രമിച്ചതൊന്നും എന്നാൽ എനിക്ക് ചെയ്യാൻ കഴിഞ്ഞില്ല. അങ്ങനെ അത് ചെയ്യുമെന്ന് നമ്മൾ വിചാരിച്ചാൽ, നമ്മളുടെ അഹങ്കാരം കേന്ദ്രസ്ഥാനത്ത് എത്തുന്നു. ഇത് ഗെയിമിനെ നമ്മളിൽ നിന്ന് അകറ്റുന്നു"; കോഹ്ലി കൂട്ടിച്ചേർത്തു.
ഇതിലെ അഹങ്കാര പരാമർശം എടുത്തുകാട്ടിയാണ് മോദിക്കെതിരെ ജയറാം രമേശ് വിമർശനം ഉന്നയിച്ചത്. ' അഹങ്കാരം നമ്മളെ ലക്ഷ്യത്തിൽനിന്നും അകറ്റുന്നു എന്ന് കോഹ്ലി പറഞ്ഞത് എത്ര ശരിയാണ്. അതും മോദിക്ക് ജൂൺ നാലിന് അത് മനസിലായതുമാണ്'; ജയറാം രമേശ് എക്സിൽ കുറിച്ചു.
ട്വന്റി ട്വന്റി ലോകകപ്പ് നേടിയ ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരണമൊരുക്കിയിരുന്നു. ഇന്ത്യയിൽ വിമാനമിറങ്ങിയയുടൻ താരങ്ങൾ ആദ്യം പോയതും പ്രധാനമന്ത്രിയുടെ വസതിയിലേക്കായിരുന്നു. അവിടെവെച്ച് പ്രധാനമന്ത്രിയുമായി ടൂർണമെന്റ് അനുഭവങ്ങളെക്കുറിച്ച് ടീമംഗങ്ങൾ ഏറെനേരം സംസാരിക്കുകയുണ്ടായി. ഇതിനിടയിലാണ് കോഹ്ലി ഫൈനലിലെ തന്റെ പ്രകടനത്തെക്കുറിച്ച് പറഞ്ഞത്.