'എഴുതിവെച്ചോളു മോദിജി, അയോധ്യയിലെ പോലെ ഗുജറാത്തിലും നിങ്ങളെ തറപറ്റിക്കും'; വെല്ലുവിളിച്ച് രാഹുൽ

'ഹിന്ദു' പരാമർശത്തിന് പിന്നാലെ അഹമ്മദാബാദിലെ കോൺഗ്രസ് ഓഫീസ് ബിജെപി പ്രവത്തകർ ആക്രമിച്ചിരുന്നു

അഹമ്മദാബാദ്: അയോധ്യയിൽ ബിജെപിയെ തോൽപ്പിച്ചത് പോലെ ഗുജറാത്തിലും പാർട്ടിയെ തറപറ്റിക്കുമെന്ന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി. അഹമ്മദാബാദിൽ പാർട്ടി പ്രവർത്തകരുടെ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ.

'ഹിന്ദു' പരാമർശത്തിന് പിന്നാലെ അഹമ്മദാബാദിലെ കോൺഗ്രസ് ഓഫീസ് ബിജെപി പ്രവത്തകർ ആക്രമിച്ചിരുന്നു. ഈ സംഭവം പരാമർശിക്കവെയായിരുന്നു രാഹുലിന്റെ വെല്ലുവിളി. 'നമ്മളുടെ ഓഫീസ് അടിച്ചുതകർത്തുകൊണ്ട് ബിജെപി നമ്മളെ വെല്ലുവിളിക്കുകയാണ്. ഞാൻ ഒരു കാര്യം പറയാം, അവർ നമ്മുടെ ഓഫീസ് എങ്ങനെ തകർത്തോ അതുപോലെ അവരുടെ സർക്കാരിനെയും നമ്മൾ തകർക്കും. എഴുതിവെച്ചോളു മോദിജി, അയോധ്യയിലെപ്പോലെ ഗുജറാത്തിലും നിങ്ങളെയും നിങ്ങളുടെ പാർട്ടിയെയും കോൺഗ്രസ് തറപറ്റിക്കും'; രാഹുൽ വെല്ലുവിളിച്ചു.

അതേസമയം, അഗ്നിവീര് വിവാദത്തില് കേന്ദ്രസര്ക്കാരിനെ വിടാതെ പിടിമുറുക്കിയിരിക്കുകയാണ് രാഹുൽ. സേവനത്തിനിടെ കൊല്ലപ്പെട്ട അഗ്നിവീര് അജയകുമാറിന്റെ കുടുംബാംഗങ്ങള്ക്ക് യാതൊരു വിധത്തിലുള്ള നഷ്ടപരിഹാരവും സര്ക്കാരിന്റെ ഭാഗത്ത് നിന്നും ലഭിച്ചിട്ടില്ലെന്ന് രാഹുല് ഗാന്ധി പറഞ്ഞു. സ്വകാര്യ ബാങ്കില് നിന്നും 50 ലക്ഷം രൂപ ഇന്ഷുറന്സും ആര്മി ഗ്രൂപ്പ് ഇന്ഷുറന്സ് ഫണ്ടില് നിന്നും 48 ലക്ഷം രൂപയുമാണ് കുടുംബത്തിന് ലഭിച്ചത്. മറിച്ച്, സര്ക്കാരിന്റെ ഭാഗത്ത് നിന്നും എക്സ് ഗ്രേഷ്യാ പേയ്മെന്റായി ഒരു തുകയും ലഭിച്ചിട്ടില്ലെന്നും രാഹുല് ആരോപിച്ചു.

ശമ്പള കുടിശ്ശിക പോലും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചിട്ടില്ലെന്നും കുടിശ്ശികയായ ശമ്പളം കൊടുക്കാത്തത് എന്തുകൊണ്ടാണെന്നും രാഹുല് വീഡിയോയില് ചോദിക്കുന്നുണ്ട്. രാജ്യത്തിന് വേണ്ടി ജീവന് നഷ്ടപ്പെടുത്തിയവരുടെ കുടുംബാംഗങ്ങളെ നിര്ബന്ധമായും ആദരിക്കണമെന്നും സര്ക്കാര് അവരെ വിവേചനപൂര്ണമായാണ് കാണുന്നതെന്നും രാഹുല് ഗാന്ധി പറഞ്ഞു. ഇക്കാര്യം താന് ഉയര്ത്തികൊണ്ടേയിരിക്കും. രാജ്യസുരക്ഷ സംബന്ധിച്ച കാര്യമാണ്. ഇതില് കേന്ദ്രം എന്തുപറയുന്നു എന്ന് തനിക്ക് അറിയേണ്ടതില്ലെന്നും രാഹുല് ഗാന്ധി പറഞ്ഞു.

കൊല്ലപ്പെട്ട അഗ്നിവീറിന്റെ കുടുംബത്തിന് പെന്ഷനോ നഷ്ടപരിഹാരമോ ലഭിച്ചില്ലെന്ന് ലോക്സഭയില് രാഹുല് പറഞ്ഞിരുന്നു. എന്നാല് രാഹുല് ഗാന്ധി തെറ്റിദ്ധാരണയുണ്ടാക്കുകയാണെന്നും അഗ്നീവീറിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്കുമെന്ന് മന്ത്രി അറിയിച്ചതായുമാണ് കേന്ദ്രസര്ക്കാര് ലോക്സഭയില് അറിയിച്ചത്.

To advertise here,contact us