എഐ ഉപയോഗിച്ച് പുരുഷശബ്ദത്തിൽ സംസാരിച്ച് തട്ടിപ്പ്; യുവതി അറസ്റ്റിൽ

തട്ടിപ്പിന് സഹായിച്ച ഇവരുടെ ഭർത്താവ് ഒളിവിലാണ്

താനെ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് പുരുഷശബ്ദത്തിൽ സംസാരിച്ച് അയൽവാസിയായ സ്ത്രീയിൽ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. താനെയിലെ കാശിമിരയിൽ നിന്നാണ് രശ്മി കർ എന്ന 37-കാരി അറസ്റ്റിലായത്. രശ്മികർ തന്റെ അയൽക്കാരിയായ സ്ത്രീയെ പുരുഷനെന്ന വ്യാജേന ഫോൺ വിളിച്ച് വിവിധ ഗഡുക്കളായി 6.6 ലക്ഷം രൂപ നൽകണമെന്ന് ഭീഷണിപ്പെടുത്തുകയും പണം കൈക്കലാക്കുകയുമായിരുന്നു. തട്ടിപ്പിന് സഹായിച്ച ഇവരുടെ ഭർത്താവ് ഒളിവിലാണ്.

വിളിച്ചയാളെ കണ്ടിട്ടില്ലെങ്കിലും വഞ്ചിക്കപ്പെട്ട യുവതി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ പണം അടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ കോളുകൾക്കിടയിൽ ശബ്ദം മാറ്റാൻ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചതായി പ്രതി സമ്മതിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരവും പൊലീസ് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

To advertise here,contact us