ഗുജറാത്ത്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ബഹളങ്ങളെല്ലാം അടങ്ങിയതോടെ ബിജെപിയിൽ ഉൾപാർട്ടി തർക്കങ്ങൾ തലപൊക്കിത്തുടങ്ങി. കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയും മുൻമന്ത്രി ജവഹർ ചാവ്ഡയും തമ്മിലാണ് പോര് കനത്തിരിക്കുന്നത്.
നിയസമഭാ ഉപതെരഞ്ഞെടുപ്പ് സമയത്തായിരുന്നു തർക്കങ്ങളുടെ തുടക്കം. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ജവഹർ ചാവ്ഡ കാര്യമായി പങ്കെടുത്തില്ല എന്ന ആക്ഷേപമുണ്ടായിരുന്നു. അവയെ ശരിവെക്കുന്ന വിധം ബിജെപി സ്ഥാനാർഥി തന്നെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ചാവ്ഡ മൻസുഖ് മാണ്ഡവ്യക്ക് എതിരെയും തനിക്കെതിരെയും പ്രവർത്തിക്കുന്നുവെന്നും പ്രചാരണത്തേക്കാള് അദ്ദേഹത്തിന് കുടുംബമാണ് പ്രധാനമെന്നും ബിജെപി സ്ഥാനാർഥി ആരോപിച്ചു.
ചാവ്ഡയുടെ ഈ സമീപനത്തോട് മാണ്ഡവ്യയും അതിരൂക്ഷമായാണ് പ്രതികരിച്ചത്. പാർട്ടിയുടെ ചിഹ്നവും വെച്ച് നടക്കുന്നവർ കൃത്യമായി പണിയെടുക്കണമെന്നും നേതാക്കളോട് താൻ കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു മൻസുഖ് മാണ്ഡവ്യ പ്രതികരിച്ചത്.
ഈ വിമർശനങ്ങളോട് ജവഹർ ചാവ്ഡ ഒരു വീഡിയോ സന്ദേശത്തിലൂടെ പ്രതികരിച്ചതോടെയാണ് തർക്കം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നത്. 'അല്ല മൻസുഖ് ഭായ്, കഴിഞ്ഞ പത്ത് വർഷമായി ഞാൻ ബിജെപിയുടെ സജീവപ്രവർത്തകൻ തന്നെയാണ്. നിങ്ങൾക്ക് ധൈര്യമുണ്ടായിരുന്നുവെങ്കിൽ, ഇത്തരം ആരോപണങ്ങൾ തെരഞ്ഞെടുപ്പിന് മുൻപേ പറയണമായിരുന്നു...'; വീഡിയോ സന്ദേശത്തിലൂടെ ചാവ്ഡ തുറന്നടിച്ചു.
ജവഹർ ചാവ്ഡയ്ക്കെതിരെ നിരവധി നേതാക്കൾ മുൻപും പരാതിയുമായി എത്തിയിട്ടുണ്ട്. പ്രചാരണങ്ങളിൽ കൃത്യമായി എത്താത്തതും വിഭാഗീയ പ്രവർത്തനവുമടക്കം നിരവധി ആരോപണങ്ങളാണ് ജവഹർ ചാവ്ഡയ്ക്ക് നേരെയുള്ളത്.