നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഡിജി സുബോധ് കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് സിബിഐ അന്വേഷണ പ്രഖ്യാപനം ഉണ്ടായത്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഡിജി സുബോധ് കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് സിബിഐ അന്വേഷണ പ്രഖ്യാപനം ഉണ്ടായത്.

അതേസമയം, നീറ്റ് യുജി വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഞായറാഴ്ച നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. മുൻകരുതൽ നടപടിയെന്നാണ് വിശദീകരണം. പുതിയ തിയ്യതി പിന്നീട് അറിയിക്കും

ചോദ്യപ്പേപ്പർ ചോർച്ചയും ക്രമക്കേടുകളും മൂലം വിശ്വാസ്യതയിടിഞ്ഞ ദേശീയ പരീക്ഷാ ഏജൻസിയുടെ സുതാര്യത ഉറപ്പാക്കുവാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. മുൻ ISRO ചെയർമാൻ കെ രാധാകൃഷ്ണൻ അധ്യക്ഷനായ ഏഴംഗസമിതിയാണ് രൂപീകരിച്ചത്.

പരീക്ഷകളുടെ സുതാര്യത ഉറപ്പുവരുത്തുകയാണ് കമ്മീഷന്റെ പ്രധാന ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. പരീക്ഷകളിൽ വരുത്തേണ്ട സമൂലമായ മാറ്റം, ഡാറ്റ സുരക്ഷാ പ്രോട്ടോകോളുകൾ കൂടുതൽ സുരക്ഷിതമാക്കുക, ദേശീയ പരീക്ഷാ ഏജൻസിയുടെ നടത്തിപ്പ് കൂടുതൽ മികച്ചതാക്കുക എന്നിവയും കമ്മിറ്റിയുടെ പഠനവിഷയമാകും. രണ്ട് മാസമാകും കമ്മിറ്റിയുടെ കാലാവധി.

To advertise here,contact us