ഡല്ഹി: ദില്ലി മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. അറസ്റ്റിലായി നാളേക്ക് മൂന്ന് മാസം തികയാനിരിക്കെയാണ് മുഖ്യമന്ത്രി പുറത്തിറങ്ങുന്നത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവെക്കണം. ജാമ്യം നൽകിയ ഉത്തരവ് റദ്ദാക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി തള്ളി. അരവിന്ദ് കെജ്രിവാൾ നാളെ പുറത്തിറങ്ങും. സത്യത്തെ പരാജയപ്പെടുത്താൻ സാധിക്കില്ലെന്ന് ജാമ്യം ലഭിച്ചതിൽ ആം ആദ്മി പാർട്ടി പ്രതികരിച്ചു.
മാര്ച്ച് 21നാണ് ദില്ലി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീം കോടതിയിൽ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. കെജ്രിവാളിന് ജാമ്യം നല്കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് സുപ്രീംകോടതി കെജ്രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചത്. ജാമ്യകാലാവധി അവസാനിച്ച് ജൂൺ 2 ന് അദ്ദേഹം ജയിലിലേക്ക് മടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ചുക്കാൻ പിടിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ മടക്കം. 18 ദിവസത്തിന് ശേഷം കെജ്രിവാളിന് വീണ്ടും ജാമ്യം ലഭിച്ചിരിക്കുകയാണ്.
മദ്യ നയത്തിന്റെ പേരിൽ ആം ആദ്മി പാർട്ടി കോടികൾ കോഴ വാങ്ങിയെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. മദ്യനയവുമായി ബന്ധപ്പെട്ട് 100 കോടി രൂപ കൈക്കൂലിയായി സമാഹരിച്ച് ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിത ആം ആദ്മി നേതാക്കൾക്ക് നൽകിയെന്നാണ് ഇ ഡി പറയുന്നത്. ഇതിനായി അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെ ആം ആദ്മി പാർട്ടിയുടെ ഉന്നത നേതാക്കളുമായി കെ കവിത ഗൂഢാലോചന നടത്തിയെന്നുമാണ് കേസ്.
ഡല്ഹി ലെഫ്റ്റനന്റ് ഗവര്ണര് വികെ സക്സേനയുടെ ഇടപെടലോടെയാണ് ഡല്ഹി മദ്യനയം ഗൗരവമായ ചര്ച്ചയായി ഉയരുന്നത്. ഡല്ഹി ലഫ്റ്റനന്റ് ഗവര്ണര് മദ്യനയം 2021-22നെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. മദ്യനയം നപ്പാക്കിയതിലെ ചട്ടലംഘനങ്ങളിലും മറ്റ് തെറ്റായ നടപടികളിലും സിബിഐ അന്വേഷണത്തിന് 2022 ജൂലൈ 22-ന് വി കെ സക്സേന ശുപാര്ശ ചെയ്തു. ഡല്ഹി ചീഫ് സെക്രട്ടറി നരേഷ് കുമാര് സമര്പ്പിച്ച റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സക്സേനയുടെ നടപടി. 2022 ഫെബ്രുവരിയില് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില് എഎപി ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന കൈക്കൂലി, കമ്മീഷന് എന്നിവയിലൂടെ ലഭിച്ച പണത്തിന് പകരമായി മനീഷ് സിസോദിയ മദ്യവില്പ്പന ലൈസന്സികള്ക്ക് അനാവശ്യ ആനുകൂല്യങ്ങള് നല്കിയെന്നായിരുന്നു കുമാറിന്റെ റിപ്പോര്ട്ടില് പറഞ്ഞിരുന്നത്.
ടെണ്ടറുകള് നല്കിയതിന് ശേഷം, ഖജനാവിന് വന് നഷ്ടമുണ്ടാക്കി, മദ്യ ലൈസന്സികള്ക്ക് അനാവശ്യ സാമ്പത്തിക ആനുകൂല്യങ്ങള് ലഭിക്കാനായി എഎപി സര്ക്കാര് മദ്യനയം ഉപയോഗിച്ചു തുടങ്ങിയവയായിരുന്നു പ്രധാന ആരോപണം. ഇതോടെയായിരുന്നു മദ്യനയത്തെക്കുറിച്ചുള്ള വിവാദം ചൂട് പിടിക്കുന്നത്. മദ്യനയം സ്വകാര്യ ചില്ലറ-മൊത്ത വ്യാപാരികള്ക്ക് അനാവശ്യ നേട്ടമുണ്ടാക്കിയെന്ന ആരോപണമാണ് സിബിഐ അന്വേഷിക്കുന്നത്. നയത്തിലെ ആനുകൂല്യങ്ങള്ക്കായി കോടിക്കണക്കിന് രൂപ കൈക്കൂലി നല്കിയെന്നും 2022 ഫെബ്രുവരിയിൽ നടന്ന ഗോവ പഞ്ചാബ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഈ ഫണ്ട് എഎപി ഉപയോഗിച്ചെന്നും ആരോപണമുണ്ടായിരുന്നു.
കേസ് ഏറ്റെടുത്ത സിബിഐ 023 ഫെബ്രുവരി 26ന് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കേസില് കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണങ്ങള് അന്വേഷിക്കുന്ന എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പിന്നീട് മാർച്ച് 9ന് സിസോദിയയെ അറസ്റ്റ് ചെയ്തിരുന്നു. സജ്ഞയ് സിങാണ് മദ്യനയ കേസില് പിന്നീട് അറസ്റ്റിലാകുന്ന എഎപി നേതാവ്. സിസോദിയയുടെ അറസ്റ്റിന് മാസങ്ങള്ക്ക് ശേഷമായിരുന്നു അറസ്റ്റ്. രാജ്യസഭാ എംപിയായിരുന്ന സഞ്ജയ് സിങ് 2023 ഒക്ടോബര് നാലിനാണ് അറസ്റ്റിലായത്.
മുന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര് റാവുവിന്റെ മകള് കെ കവിതയെ ഡല്ഹി മദ്യ നയത്തില് കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തെ തുടര്ന്ന് മാര്ച്ച് 15നാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. 2023 മാര്ച്ച് 9ന് ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി അരുണ് രാമചന്ദ്രന് പിള്ളയെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസില് കവിതയുടെ പങ്കാളിത്തം അന്വേഷിക്കാന് തുടങ്ങിയത്. മദ്യനയ കേസില് കവിതയുടെ താല്പ്പര്യങ്ങളെ പ്രതിനിധീകരിച്ചതായി പിള്ള സമ്മതിച്ചതായിട്ടായിരുന്നു ഇഡിയുടെ വെളിപ്പെടുത്തല്. ഒടുവിലായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കെജ്രിവാളിന്റെ അറസ്റ്റ്.