പട്ന: ബിഹാറിലെ ബങ്കയിലെ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾക്ക് ക്യാന്റീനിലെ ഭക്ഷണത്തിൽ നിന്ന് ചത്ത പാമ്പിനെ കിട്ടി. പതിനഞ്ചോളംപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിദ്യാർത്ഥികൾ പറയുന്നു. വ്യാഴാഴ്ച രാത്രി കാൻ്റീനിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം വിദ്യാർത്ഥികൾക്ക് ഓക്കാനം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായെന്നാണ് പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ മെസ് നൽകിയ ഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തിയത്. വിദ്യാർത്ഥികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പിന്നീട് ഡിസ്ചാർജ് ചെയ്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഭക്ഷണത്തിൻ്റെ ഗുണനിലവാരം സംബന്ധിച്ച് നേരത്തെ കോളേജ് മാനേജ്മെൻ്റിന് പരാതി നൽകിയിരുന്നെങ്കിലും സ്ഥിതി പഴയപടി തന്നെ തുടരുകയാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. സംഭവത്തെത്തുടർന്ന് ബങ്ക ജില്ലാ മജിസ്ട്രേറ്റ് അൻഷുൽ കുമാർ, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് (എസ്ഡിഎം), സബ് ഡിവിഷണൽ പൊലീസ് ഓഫീസർ (എസ്ഡിപിഒ) എന്നിവർ വിഷയം അന്വേഷിക്കാൻ കോളജ് സന്ദർശിച്ചു. വിഷയം അന്വേഷിച്ച് മെസ് ഉടമയ്ക്ക് പിഴ ചുമത്തിയതായി സബ് ഡിവിഷണൽ ഓഫീസർ കൂട്ടിച്ചേർത്തു.