ആർക്കൊക്കെ ഏതൊക്കെ വകുപ്പുകൾ? പ്രഖ്യാപനം ഇന്ന്, സൂചനകള് ഇങ്ങനെ

സുപ്രധാന വകുപ്പുകൾ ആയ ധനകാര്യം, പ്രതിരോധം,ആഭ്യന്തരം, വിദേശകാര്യം എന്നീ വകുപ്പുകൾ ബിജെപി നിലനിർത്തും. വിദേശകാര്യ മന്ത്രി സ്ഥാനത്ത് എസ് ജയശങ്കർ തുടരും.

ഡൽഹി: കേന്ദ്ര മന്ത്രിസഭാംഗങ്ങളുടെ വകുപ്പുകൾ സംബന്ധിച്ച് ഇന്ന് പ്രഖ്യാപനം ഉണ്ടാകും. 72 മന്ത്രിമാരുടെയും വകുപ്പുകൾ സംബന്ധിച്ച് രാവിലെയോടെ രാഷ്ട്രപതി ഭവനിൽ നിന്ന് വിജ്ഞാപനം ഇറങ്ങും എന്നാണ് പ്രതീക്ഷ.

30 ക്യാബിനറ്റ് അംഗങ്ങൾ, സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാർ, 36 കേന്ദ്ര സഹമന്ത്രിമാർ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സുപ്രധാന വകുപ്പുകൾ ആയ ധനകാര്യം, പ്രതിരോധം,ആഭ്യന്തരം, വിദേശകാര്യം എന്നീ വകുപ്പുകൾ ബിജെപി നിലനിർത്തും. വിദേശകാര്യ മന്ത്രി സ്ഥാനത്ത് എസ് ജയശങ്കർ തുടരും. മറ്റു വകുപ്പുകളിൽ മാറ്റങ്ങളുടെ സാധ്യത നിലനിൽക്കുന്നുണ്ട്. ഘടകകക്ഷികൾക്ക് അഞ്ച് ക്യാബിനറ്റ് പദവികളാണ് നൽകിയിരിക്കുന്നത്. ജെഡിയുവിനും, ടിഡിപ്പിക്കും പ്രധാനപ്പെട്ട വകുപ്പുകൾ തന്നെ നൽകാനാണ് സാധ്യത.

ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും 72 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ജവഹർലാൽ നെഹ്റുവിന് ശേഷം ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയാകുന്ന നേതാവാണ് നരേന്ദ്രമോദി. ഇത് മൂന്നാം തവണയാണ് മോദി സർക്കാർ അധികാരത്തിലെത്തുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമു എല്ലാവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ഹിന്ദിയിലും ഇംഗ്ലീഷിലും എംപിമാർ സത്യവാചകം ചൊല്ലി.മോദിക്ക് ശേഷം, രണ്ടാമതായി രാജ്നാഥ് സിങ്ങും മൂന്നാമനായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. 2019 ൽ നിന്ന് വ്യത്യസ്തമായി സഖ്യമന്ത്രിസഭയാണ് ഇത്തവണ അധികാരത്തിലേറിയിരിക്കുന്നത്. ബിജെപിക്ക് തനിച്ച് കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിലാണ് തൂക്കുമന്ത്രിസഭ അധികാരത്തിലേറുന്നത്.

കേരളത്തിൽ നിന്ന് സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവരും സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഒമ്പത് പുതുമുഖങ്ങളാണ് മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭയിലുള്ളത്. 10 പേർ എസ് സി വിഭാഗത്തിൽ നിന്നുള്ളവരും അഞ്ച് പേർ എസ് ടി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. രാഷ്ട്രപതിഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിലുള്ള പ്രമുഖർ ചടങ്ങിനെത്തി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു തുടങ്ങി വിവിധ രാജ്യങ്ങളുടെ തലവൻമാർ ചടങ്ങിനെത്തിയിരുന്നു.

To advertise here,contact us