മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്; വന്ദേഭാരത് വനിതാ ലോക്കോ പൈലറ്റിനും ക്ഷണം

രാഷ്ട്രപതി ഭവനിൽ 8000-ലധികം അതിഥികൾക്കുള്ള ക്രമീകരണങ്ങൾ നടക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പുതിയ സർക്കാരിൻ്റെയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ വന്ദേഭാരത് ലോക്കോ പൈലറ്റായ ഐശ്വര്യ എസ് മേനോനും ക്ഷണം. 8,000 വിശിഷ്ടാതിഥികളിലാണ് ദക്ഷിണ റെയിൽവേയിലെ ചെന്നൈ ഡിവിഷനിലെ സീനിയർ അസിസ്റ്റൻ്റ് ലോക്കോ പൈലറ്റായ ഐശ്വര്യ ഉൾപ്പെടുന്നത്.

ചെന്നൈ-വിജയവാഡ, ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകൾ ആരംഭിച്ചതുമുതൽ അവർ ജോലിയിലുണ്ട്. റെയിൽവേ സിഗ്നലിങ്ങിനെക്കുറിച്ചുള്ള ജാഗ്രത, സമഗ്രമായ അറിവ് എന്നിവയ്ക്ക് ഐശ്വര്യയ്ക്ക് മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് അഭിനന്ദനം ലഭിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിൽ ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റായ സുരേഖ യാദവും പങ്കെടുക്കും.

1988-ൽ ഇന്ത്യയിലെ ആദ്യത്തെ വനിതാ ലോക്കോപൈലറ്റായ സുരേഖ സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ആദ്യ വനിതാ ലോക്കോ പൈലറ്റ് കൂടിയാണ്. ശുചീകരണ തൊഴിലാളികൾ, ട്രാൻസ്ജെൻഡർമാർ, സെൻട്രൽ വിസ്ത പ്രോജക്റ്റിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ എന്നിവരും പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വിശിഷ്ടാതിഥികളായി എത്തുമെന്നാണ് വിവരം. രാഷ്ട്രപതി ഭവനിൽ 8000-ലധികം അതിഥികൾക്കുള്ള ക്രമീകരണങ്ങൾ നടക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ജൂൺ 9-ന് വൈകീട്ടാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

To advertise here,contact us