സംവരണ സീറ്റുകളില് ബിജെപിയോ കോണ്ഗ്രസോ?

2019ൽ ലഭിച്ച 46 സീറ്റുകളിൽ നിന്ന് ഇത്തവണ ബിജെപിക്ക് നേടാനായത് 30 സീറ്റാണ്

ന്യൂഡൽഹി: 'ചാർ സെ പാർ' അഥവാ നാന്നൂറ് സീറ്റ് നേടി മൂന്നാമതും അധികാരത്തിലെത്തുക എന്നതായിരുന്നു ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം. ബിജെപി നാന്നൂറ് സീറ്റ് നേടിയാൽ ഭരണഘടന തിരുത്തുമെന്നും അത് ഭരണ ഘടന അടിസ്ഥാന ജനങ്ങൾക്ക് നൽകുന്ന അവകാശങ്ങൾ ഇല്ലാതാക്കുമെന്നും പറഞ്ഞാണ് കോൺഗ്രസ് ഈ മുദ്രാവാക്യത്തെ പ്രതിരോധിച്ചത്. ഈ പ്രതിരോധം ഫലം കണ്ടിരുന്നോ? ഒരു പരിധി വരെ ഫലം കണ്ടു എന്നാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.

കാരണം കൈവശം ഉണ്ടായിരുന്ന പട്ടികജാതി സംവരണ സീറ്റുകളില് 16 സീറ്റുകളാണ് ഇത്തവണ ബിജെപിക്ക് നഷ്ടമായത്. 2019ൽ ലഭിച്ച 46 സീറ്റുകളിൽ നിന്ന് ഇത്തവണ ബിജെപിക്ക് നേടാനായത് 30 സീറ്റാണ്. 2019 ൽ ആറ് സംവരണ സീറ്റുകളിൽ മാത്രം വിജയിച്ചിരുന്ന കോൺഗ്രസ് 20 സീറ്റിലേക്ക് കുതിച്ചു. എസ്പി പൂജ്യം സീറ്റിൽ നിന്ന് ഏഴായി ഉയർന്നു. തൃണമൂലിന് ആറ് ദളിത് സംവരണ സീറ്റുകളും ഡിഎംകെയ്ക്ക് മൂന്ന്, വിസികെക്ക് രണ്ട്, സിപിഐ എം, ശിവസേന (യുബിടി), എഎപി, സിപിഐ എന്നീ പാർട്ടികൾക്ക് ഓരോ സീറ്റും ലഭിച്ചു. പട്ടികജാതി സംവരണ സീറ്റ് വിഭാഗത്തിൽ, 2009-ൽ മൻമോഹൻ സിങ്ങിൻ്റെ കീഴിൽ തുടർച്ചയായി രണ്ടാം തവണ യുപിഎ അധികാരത്തിൽ തിരിച്ചെത്തിയ തിരഞ്ഞെടുപ്പ് ഒഴിച്ച് നിർത്തിയാൽ 1998 മുതൽ എല്ലാ ലോക്സഭാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിനേക്കാൾ മികച്ച പ്രകടനമാണ് ബിജെപി നടത്തിയത്. എന്നാൽ ഇത്തവണ ട്രെൻഡ് മാറി.

ദളിത് മുഖമുള്ള മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷനും ഇൻഡ്യ മുന്നണി അധ്യക്ഷനും ആയതും വലിയ ഫലം കണ്ടു. പ്രചാരണ വേളയിൽ ഭരണഘടനയിൽ മാറ്റങ്ങൾ വരുത്താൻ ബിജെപിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്ന അനന്ത് കുമാർ ഹെഗ്ഡെയെപ്പോലുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനകൾ പ്രതിപക്ഷ നേതാക്കൾ ഉയർത്തിക്കാട്ടിയതും സംവരണ വിഭാഗങ്ങളെ മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു.

To advertise here,contact us