ഹിമാചൽ ഉപതിരഞ്ഞെടുപ്പ്; ആറിൽ നാല് സീറ്റും നേടി കോൺഗ്രസ്

സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന് പുതുജീവൻ നൽകി

icon
dot image

ഷിംല: ഹിമാചൽ പ്രദേശ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ശക്തമായ വിജയം. ധർമശാല, സുജൻപുർ, ലാഹോൾ-സ്പിറ്റി, ബർസാർ, ഗാഗ്രത്, കുതെഹ്ളാർ എന്നീ മണ്ഡലങ്ങളിൽ നാലിടത്ത് കോൺഗ്രസ് വിജയിച്ചു. ധർമശാലയും ബർസാറും ബിജെപിക്കൊപ്പം നിന്നു. ഉപതിരഞ്ഞെടുപ്പ് സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന് പുതുജീവൻ നൽകി.

ഗാഗ്രതിൽ കോൺഗ്രസ് സ്ഥാനാർഥി രാകേഷ് കാലിയ 8487 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കോൺഗ്രസ് വിട്ടെത്തിയ ദേവീന്ദർ കുമാർ ഭൂട്ടോയ്ക്ക് യാതൊരു മുന്നേറ്റവും കാഴ്ചവെക്കാനായില്ല. 5356 വോട്ടുകളുടെ ഭൂരിപക്ഷത്തിന് കോൺഗ്രസിന്റെ വിവേക് ശർമ്മ വിജയിച്ചു. ലാഹോൾ-സ്പിറ്റിയിൽ കോൺഗ്രസിന്റെ അനുരാധ രാണ 1960 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ രവി ഠാക്കൂർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സുജൻപുരിൽ നിന്ന് കോൺഗ്രസിന്റെ ക്യാപ്റ്റൻ രഞ്ജിത്ത് സിങ് 2440 വോട്ടുകളുടെ ഭൂരിപക്ഷത്തിന് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ രജിന്ദർ റാണയെ പരാജയപ്പെടുത്തി. കോൺഗ്രസിൽ നിന്നും ബി.ജെ.പിയിലേക്ക് കൂറുമാറിയ സംഘത്തിലെ നേതാവായിരുന്നു രജിന്ദർ റാണ.

ധർമശാലയിൽ ബിജെപിയുടെ സുധീർ ശർമ 5526 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ബൻസാറിൽ 2125 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ഇന്ദർ ദത്ത് ലഖൻപാൽ വിജയിച്ചത്.

സ്മൃതി ഇറാനി, അണ്ണാമലൈ...; തിരഞ്ഞെടുപ്പിൽ വലിയ പരാജയം ഏറ്റുവാങ്ങിയ വമ്പന്മാർ

ഹിമാചലിൽ ആറ് കോൺഗ്രസ് എംഎൽഎമാർ കൂറുമാറിയതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്നോടിയായി നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതാവ് വിജയിച്ചതോടെ ഹിമാചലിലെ കോൺഗ്രസ് സർക്കാർ പ്രതിസന്ധിയിലാകുകയായിരുന്നു. ആറ് കോൺഗ്രസ് എംഎൽഎമാരും കോൺഗ്രസിനെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്ര എംഎൽഎമാരും ബിജെപി സ്ഥാനാർത്ഥിയെ പിന്തുണച്ചതോടെ കോൺഗ്രസ് സ്ഥാനാർത്ഥി അഭിഷേക് മനു സിങ്വി പരാജയപ്പെടുകയായിരുന്നു.

ബജറ്റ് സമ്മേളനത്തിൽ നിയമസഭയിൽ ഹാജരാകാനുള്ള കോൺഗ്രസ് പാർട്ടിയുടെ വിപ്പ് ലംഘിച്ചതിന് ചൂണ്ടിക്കാട്ടി എംഎൽഎമാരെ ഹിമാചൽ സ്പീക്കർ അയോഗ്യരാക്കിയതോടെ സംസ്ഥാനം ഉപതെരഞ്ഞെടുപ്പിലേക്ക് പോവുകയായിരുന്നു.

To advertise here,contact us