പുഴുങ്ങിയ കോഴിമുട്ടയെച്ചൊല്ലി തർക്കം; ഭര്ത്താവുമായി വഴക്കിട്ട ഭാര്യ ജീവനൊടുക്കി

മദനായകനഹള്ളിക്കു സമീപം മച്ചൊഹള്ളിയിലാണ് സംഭവം

ബെംഗളൂരു: പുഴുങ്ങിയ കോഴിമുട്ട പങ്കിടുന്നതിനെച്ചൊല്ലി ഭര്ത്താവുമായി വഴക്കിട്ട ഭാര്യ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കി. ഉത്തര്പ്രദേശ് സ്വദേശിനി പൂജ(31)യാണ് മരിച്ചത്. മദനായകനഹള്ളിക്കു സമീപം മച്ചൊഹള്ളിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഭര്ത്താവ് അനില്കുമാറി(35)നെ പൊലീസ് അറസ്റ്റുചെയ്തു. പെയിന്റ് ഫാക്ടറിയില് ജീവനക്കാരായ ഇരുവരും രണ്ടുമക്കള്ക്കൊപ്പം മച്ചൊഹള്ളിയിലായിരുന്നു താമസം. പൂജയും അനില്കുമാറും തമ്മില് ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നാണ് വിവരം.

കഴിഞ്ഞദിവസം അത്താഴസമയത്ത് അനില്കുമാര് ഒരു മുട്ട അധികം വേണമെന്ന് പറഞ്ഞതാണ് വഴക്കിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കുടുംബനാഥനായതിനാല് ഒരു മുട്ട അധികം വേണമെന്നായിരുന്നു ആവശ്യം. രുചിയുള്ള ഭക്ഷണം ഉണ്ടാക്കുന്നില്ലെന്നു പറഞ്ഞ് അനില്കുമാര് പൂജയെ വഴക്കുപറയുകയും ചെയ്തു. ഇതിനുശേഷമാണ് പൂജ കെട്ടിടത്തില് നിന്ന് ചാടി ജീവനൊടുക്കിയത്. ഈ സമയം അനില്കുമാറും കുട്ടികളും ഉറങ്ങുകയായിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)

To advertise here,contact us