ന്യൂഡല്ഹി: രാജ്യത്തെ വനിതാ വോട്ടർമാരെ അഭിനന്ദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷൻ അംഗങ്ങൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് വോട്ട് ചെയ്ത എല്ലാ വനിതകളെയും അഭിനന്ദിച്ചത്.
ഏഴ് ഘട്ടങ്ങളായി നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ വിശദാംശങ്ങള് മാധ്യമങ്ങളുമായി പങ്കുവെക്കുകയായിരുന്നു ഇലക്ഷൻ കമ്മീഷൻ. 64.2 കോടി പേർ ഈ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. വോട്ടർമാരിൽ 31.2 കോടി പേർ വനിതകളാണെന്ന് അറിയിച്ച ശേഷമായിരുന്നു കമ്മീഷൻ അഭിനന്ദനം അറിയിച്ചത്. 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും റീ പോളിംഗ് വേണ്ടിവന്നില്ല. 2019നെ അപേക്ഷിച്ച് ആകെ 39 ഇടങ്ങളിൽ മാത്രമാണ് റീപോളിംഗ് നടന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു
തെരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങളെ കാണുന്നില്ലെന്ന വിമർശനത്തിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ മറുപടി പറഞ്ഞു. 100 ലേറെ വാർത്താകുറിപ്പുകൾ ഇറക്കിയെന്നും എപ്പോഴും മാധ്യമങ്ങളുമായി തങ്ങൾ സംവദിക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിൽ നാല് പതിറ്റാണ്ട് നിടയിലെ ഉയർന്ന പോളിങ് ആണ് രേഖപ്പെടുത്തിയത്. ഇതോടെ ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിന് സാഹചര്യം ഒരുങ്ങിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
ജില്ലാ മജിസ്ട്രേറ്റുമാർ സ്വാധീനിക്കപ്പെട്ടുവെന്ന ആരോപണങ്ങളും കമ്മീഷൻ തള്ളി. വോട്ടെണ്ണലിന് മുൻപ് അത്തരത്തിൽ തെളിവുകൾ നൽകിയാൽ അവരെ ശിക്ഷിക്കാൻ തയ്യാറാണെന്നും കമ്മീഷൻ പറഞ്ഞു. 17C ഫോമിനെപ്പറ്റി വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ നിന്ന് പരാതി ഉണ്ടായിരുന്നില്ലെന്നും പിന്നെ എവിടെ നിന്നാണ് ഈ പരാതി വന്നതെന്നറിയില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.