തെലങ്കാനയിൽ സോണിയാ ഗാന്ധിക്കായി ക്ഷേത്രം; ഉദ്ഘാടനം കഴിഞ്ഞു

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് ക്ഷേത്രം സ്ഥാപിച്ചു.

കരിംനഗർ: തെലങ്കാനയ്ക്ക് സംസ്ഥാന പദവി നൽകിയതിന്റെ നന്ദി സൂചകമായി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് ക്ഷേത്രം സ്ഥാപിച്ചു. പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി നെവുരി വെങ്കട്ട് റെഡ്ഡിയും ഭാര്യ മമതയും ചേർന്നാണ് വെള്ള മാർബിളിൽ ക്ഷേത്രം സ്ഥാപിച്ചത്. തെലങ്കാന രൂപീകരണ ദിനമായ ഇന്ന് രാജണ്ണ സിർസില്ല ജില്ലയിലെ യെല്ലറെഡ്ഡിപേട്ടിലുള്ള സായിബാബ കമാനിലെ ക്ഷേത്രം ടിപിസിസി അംഗം നഗുല സത്യനാരായണ ഉദ്ഘാടനം ചെയ്തു. സോണിയ ഗാന്ധി തെലങ്കാനയ്ക്ക് സംസ്ഥാന പദവി പ്രഖ്യാപിക്കുകയും നാലര കോടി ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്തപ്പോൾ അവർക്കായി ഒരു ക്ഷേത്രം നിർമ്മിക്കാൻ താൻ തീരുമാനിച്ചിരുന്നുവെന്ന് വെങ്കട്ട് റെഡ്ഡി പറഞ്ഞു.

വിഭജനത്തിന് ശേഷം ബിആർഎസ് സർക്കാർ രൂപീകരിക്കുകയും അതിന്റെ നേതാക്കൾ തനിക്ക് നിരവധി തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്തതിനാൽ ക്ഷേത്രത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കാൻ വളരെയധികം പ്രശ്നങ്ങൾ നേരിടേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.എന്നാൽ കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം കോൺഗ്രസ് സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചതോടെ, വിജയകരമായി ക്ഷേത്ര നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞു.

'തെലങ്കാന രൂപീകരണ ദിനത്തിൽ ഇത് ഉദ്ഘാടനം ചെയ്യുന്നതിൽ സന്തോഷമുണ്ട്. സോണിയമ്മ ഇല്ലായിരുന്നെങ്കിൽ തെലങ്കാന സംസ്ഥാനം എന്ന സ്വപ്നം സാധ്യമാകുമായിരുന്നില്ല. ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചതിന് അവരെ ആരാധിക്കാനുള്ള ഞങ്ങളുടെ ഊഴമാണിത്'', വെങ്കട്ട് റെഡ്ഡി കൂട്ടിച്ചേർത്തു.

To advertise here,contact us