'മോദിയെ അയച്ചത് അംബാനിയേയും അദാനിയേയും സഹായിക്കാൻ'; ദൈവമാണ് അയച്ചതെന്ന മോദി വാദത്തെ ട്രോളി രാഹുൽ

ഉത്തർപ്രദേശിലെ ദിയോറിയയിൽ നടന്ന റാലിയിലായിരുന്നു രാഹുലിന്റെ പരാമർശം

ന്യൂഡൽഹി: 'ദൈവമാണ് തന്നെ അയച്ചത്' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരേ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാവങ്ങളെ സഹായിക്കുന്നതിന് പകരം അദാനി, അംബാനിമാരെ പോലെയുള്ളവരെ സഹായിക്കാനാണ് മോദിയെ അയച്ചിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. ഉത്തർപ്രദേശിലെ ദിയോറിയയിൽ നടന്ന റാലിയിലായിരുന്നു രാഹുലിന്റെ പരാമർശം. അടുത്തിടെ ചാനൽ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ദൈവം അയച്ചതാണെന്ന പരാമർശം നടത്തിയത്.

'നരേന്ദ്ര മോദി മറ്റുള്ളവരെ പോലെ ബയോളജിക്കലി ജനിച്ച ആളല്ല. മോദി മുകളിൽ നിന്ന് നേരിട്ട് വന്നതാണ്. അദ്ദേഹത്തെ ദൈവം ഇന്ത്യയിലേക്ക് അയച്ചതാണ്. അദ്ദേഹത്തെ ദൈവം അയച്ചത് അംബാനിയേയും അദാനിയേയും സഹായിക്കാനാണ്. അല്ലാതെ, കർഷകരേയും തൊഴിലാളികളേയും പാവപ്പെട്ടവരേയും സഹായിക്കാൻ വേണ്ടിയല്ല', രാഹുൽ പരിഹസിച്ചു. ഏതുതരത്തിലുള്ള ദൈവമാണ് അദ്ദേഹത്തെ അയച്ചിരിക്കുന്നത് എന്ന് ചോദിച്ച രാഹുൽ, ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാത്രം ദൈവമാണെന്നും കൂട്ടിച്ചേർത്തു.

ഇൻഡ്യ മുന്നണി അധികാരത്തിലേറിയാൽ അഗ്നിപഥ് പദ്ധതി നീക്കം ചെയ്യുമെന്നും രാഹുൽ പറഞ്ഞു. 'രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിച്ച സൈനികരെ രണ്ട് വിഭാഗമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചിരിക്കുന്നു. ഒന്ന് സാധാരണ സൈനികനും മറ്റൊന്ന് പാവപ്പെട്ട വീട്ടിലെ സൈനികനും. ആദ്യത്തെ വിഭാഗത്തിന്റെ കുടുംബത്തിന് പെൻഷൻ, സ്റ്റാറ്റസ് തുടങ്ങി മറ്റുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നു. എന്നാൽ, അഗ്നിവീറുകൾക്കാകട്ടെ പെൻഷനോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. ഇൻഡ്യ അധികാരത്തിൽ വന്നാൽ അഗ്നിപഥ് പദ്ധതി തുടച്ചുനീക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ പദ്ധതി സൈന്യത്തിന് വേണ്ടെന്നും രാഹുൽ പറഞ്ഞു.

കോൺഗ്രസിലേക്കോ?; പ്രതികരിച്ച് രഘുറാം രാജൻ

To advertise here,contact us