മദ്യം നല്കാന് വിസമ്മതിച്ചു, തർക്കം; ബാറിലുണ്ടായിരുന്ന ഡിജെയെ വെടിവെച്ചുകൊന്നു

സംഭവത്തിൽ അഭിഷേത് സിംഗ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു

റാഞ്ചി: മദ്യം നൽകാൻ ജീവനക്കാരൻ വിസമ്മതിച്ചതിന് പിന്നാലെ ബാറിലുണ്ടായിരുന്ന ഡിജെയെ യുവാവ് വെടിവെച്ചുകൊന്നു. സംഭവത്തിൽ അഭിഷേക് സിംഗ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നിരുന്നു. ഷോർട്സ് മാത്രം ധരിച്ചെത്തിയ ഒരാൾ വെടിയുതിർക്കുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇയാളുടെ മുഖം ടീഷർട്ട് കൊണ്ട് മറച്ചിരിക്കുന്നതായും സിസിടിവി ദൃശ്യങ്ങളിൽ കാണാം.

'പുലർച്ചെ ഒരു മണിയോടെ ബാർ പൂട്ടിയ ശേഷം പ്രതിയും മറ്റ് നാല് പേരും ബാറിലെത്തി മദ്യം വിളമ്പാൻ ബാർ ജീവനക്കാരോട് ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ തർക്കമായി. തർക്കത്തിനിടെ അവരിൽ ഒരാൾ തോക്ക് കൊണ്ടുവന്ന് ഡിജെയുടെ നെഞ്ചിലേക്ക് വെടിയുതിർക്കുകയായിരുന്നു', സീനിയർ പൊലീസ് സൂപ്രണ്ട് ചന്ദൻ സിൻഹ പറഞ്ഞു.

വിശ്രമം വേണം; വിരമിക്കൽ സൂചന നൽകി മിച്ചൽ സ്റ്റാർക്ക്

പ്രതിയായ അഭിഷേക് സിംഗിനെ ബിഹാറിലെ ഗയയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ജാർഖണ്ഡ് പൊലീസിന് കൈമാറി. വെടിയേറ്റ ഡിജെയെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (റിംസ്) പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റാഞ്ചി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടും ലോക്കൽ പൊലീസ് സ്റ്റേഷൻ ഇൻചാർജുള്ള ഉദ്യോഗസ്ഥനും ഇന്ന് രാവിലെ കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ചു. പ്രതിക്കൊപ്പമുണ്ടായിരുന്നവരെ തിരിച്ചറിയുന്നതിനായി പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉള്പ്പടെ പരിശോധിക്കുന്നുണ്ട്. ബാറിലെ ജീവനക്കാരെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.

To advertise here,contact us