ചുഴലിക്കാറ്റ് ജാഗ്രത; കൊല്ക്കത്ത വിമാനത്താവളം അടുത്ത 21 മണിക്കൂര് അടച്ചിടും

ഓഹരി ഉടമകളുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനം.

കൊല്ക്കത്ത: കൊല്ക്കത്ത വിമാനത്താവളത്തില് അടുത്ത 21 മണിക്കൂറില് വിമാന സര്വ്വീസുകള് റദ്ദാക്കും. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന നിയന്ത്രണം തിങ്കളാഴ്ച്ച രാവിലെ 9 വരെ നീളും. പശ്ചിമ ബംഗാള് തീരത്ത് റിമാല് ചുഴലിക്കാറ്റ് കര തൊടാന് സാധ്യതയുള്ള സാഹചര്യത്തിലാണ് നടപടി. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ഓഹരി ഉടമകളുമായി വിമാനത്താവള അധികൃതർ നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് തീരുമാനം.

കൊല്ക്കത്തയില് മെയ് 26, 27 തിയ്യതികളില് കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള് ഉള്ക്കടലിലെ രൂപപ്പെട്ട റെമാല് ചുഴലിക്കാറ്റ് ഇന്ന് ബംഗ്ളാദേശില് തീരം തൊടും. ബംഗ്ലാദേശ് - പശ്ചിമ ബംഗാള് തീരത്തിനിടയില് തീവ്ര ചുഴലിക്കാറ്റായി കരയില് പ്രവേശിക്കാന് ആണ് സാധ്യത. കടല്ക്ഷോഭത്തിന് സാധ്യത ഉള്ളതിനാല് കേരള തീരത്ത് പ്രത്യേക ജാഗ്രത നിര്ദേശം നല്കി. മത്സത്തൊഴിലാളികള് കടലില് പോകുന്നതിന് വിലക്കുണ്ട്.

റെമാല് ബംഗ്ലാദേശ് - പശ്ചിമ ബംഗാള് തീരത്തിനിടയില് തീവ്ര ചുഴലിക്കാറ്റായി കരയില് പ്രവേശിക്കാന് ആണ് സാധ്യത. ഇന്ന് മണിക്കൂറില് 120 കിലോമീറ്റര് വേഗതയില് ചുഴലിക്കാറ്റ് വീശാനാണ് സാധ്യത. ഇതിന്റെ സ്വാധീന ഫലമായി പശ്ചിമ ബംഗാള്, വടക്കന് ഒഡിഷ തീര ജില്ലകളില് അതീതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.

To advertise here,contact us