ബംഗാളിൽ ബിജെപി സ്ഥാനാർത്ഥിക്ക് നേരെ കല്ലേറ്; ആക്രമണം ബൂത്ത് സന്ദർശനത്തിനിടെ, തൃണമൂലെന്ന് ആരോപണം

ബിജെപി സ്ഥാനാർത്ഥി പ്രണാത് ടുഡുവിന് നേരെയാണ് കല്ലേറുണ്ടായത്

കൊൽക്കത്ത: ആറാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ സ്ഥാനാർത്ഥിക്ക് നേരെ കല്ലേറ്. ബിജെപി സ്ഥാനാർത്ഥി പ്രണാത് ടുഡുവിന് നേരെയാണ് കല്ലേറുണ്ടായത്. ബൂത്ത് സന്ദർശിക്കാൻ എത്തിയപ്പോൾ ടി എം സി പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഝർഗ്രാം മണ്ഡലത്തിലെ ഗാർബെറ്റയിലെ ഒരു പോളിംഗ് ബൂത്തിലാണ് സംഭവം നടന്നത്.

ഗാർബെറ്റ പോളിങ് ബൂത്തിൽ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി ഉയർന്നിരുന്നുവെന്നും ഇത് അന്വേഷിക്കാനായി സുരക്ഷാ ജീവനക്കാർക്കൊപ്പം പോളിങ് ബൂത്തിലെത്തിയതായിരുന്നു ടുഡുവും സംഘവുമെന്നും ബിജെപി പറഞ്ഞു. തൃണമൂലിന്റെ കലിപാട സോറൻ, സിപിഐഎമ്മിന്റെ സൊനമാനി ടുഡു എന്നിവർക്കെതിരെയാണ് പ്രണാത് ടുഡു മത്സരിക്കുന്നത്.

ബിജെപി സ്ഥാനാർത്ഥിക്ക് നേരെ ഒരു കൂട്ടം ആളുകൾ കല്ലെറിയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആക്രമണത്തിൽ സുരക്ഷാ ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. സുരക്ഷാ ജീവനക്കാർ ടുഡുവിനെ ഉടൻ സ്ഥലത്തുനിന്ന് മാറ്റി. ബിജെപി നേതാവിന്റെ കാറും ആക്രമണത്തിൽ തകർന്നിട്ടുണ്ട്.

എന്നാൽ ബിജെപിയുടെ ആരോപണങ്ങൾ തൃണമൂൽ കോൺഗ്രസ് നിഷേധിച്ചു. ടുഡുവിന്റെ സുരക്ഷാ ജീവനക്കാരിലൊരാൾ വോട്ട് ചെയ്യാൻ ക്യൂ നിന്ന സ്ത്രീയെ ആക്രമിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും തൃണമൂൽ കോൺണഗ്രസ് പ്രാദേശിക നേതാക്കൾ ആരോപിച്ചു.

കോൺഗ്രസിന് വോട്ട് ചെയ്യാതെ ഗാന്ധികുടുംബം; ചരിത്രത്തിലാദ്യം

To advertise here,contact us