മുംബൈ: ഇവിഎം സുരക്ഷയിൽ ഗുരുതര വീഴ്ച്ച നടന്നെന്ന ആരോപണവുമായി വീണ്ടും എൻസിപി രംഗത്ത്. അഹമ്മദ് നഗറിലെ എൻസിപി (ശരദ് പവാർ വിഭാഗം) സ്ഥാനാർത്ഥി നിലേഷ് ലങ്കെയാണ് പുതുതായി ആരോപണവുമായി രംഗത്തെത്തിയത്. അഹമ്മദ് നഗറിലെ ഇവിഎം സൂക്ഷിച്ച സട്രോങ് റൂമിന് സമീപം അഞ്ജാതൻ എത്തിയെന്നും ഇയാൾ സിസിടിവി ക്യാമറകൾ ഓഫാക്കാൻ ശ്രമിച്ചുവെന്നുമാണ് ആരോപണം. തൃതല സുരക്ഷാ സംവിധാനം ഉണ്ടായിട്ടും വീഴ്ച്ച സംഭവിച്ചുവെന്നും പാർട്ടി പ്രവർത്തകരാണ് ഇയാളെ തടഞ്ഞതെന്നും നിലേഷ് ലാങ്കെ പറഞ്ഞു. സ്ട്രോങ് റൂമിലെ ദൃശ്യങ്ങളും ലാങ്കെ പുറത്തുവിട്ടു.
നേരത്തെ എൻസിപിയുടെ തന്നെ ബാരാമതി ലോക്സഭാ സ്ഥാനാർഥിയായ സുപ്രിയ സുലെ ഇവിഎം റൂമിലെ സുരക്ഷാ വീഴ്ച്ച ചൂണ്ടി കാണിച്ചിരുന്നു. 45 മിനുറ്റുകളോളം സിസിടിവികൾ പ്രവർത്തിച്ചില്ല എന്ന ആരോപണമാണ് സുപ്രിയ അന്ന് ഉയർത്തിയിരുന്നത്. ക്യാമറകൾ ഓഫ് ചെയ്തതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ അധികൃതർ മറുപടി നൽകിയില്ലെന്നും സുപ്രിയ പറഞ്ഞിരുന്നു. സിസിടിവി ക്യാമറകൾ നിശ്ചലമായി നിൽക്കുന്ന ദൃശ്യങ്ങളടക്കം ട്വിറ്ററിൽ സുപ്രിയ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് എൻസിപിയെ അട്ടിമറിക്കാൻ ബിജെപി മോശം ശ്രമങ്ങൾ നടത്തുന്നുവെന്നാണ് എൻസിപിയുടെ ആരോപണം.
'ഇവിഎം റൂമിലെ സിസി ടിവി ഓഫ് ചെയ്തു'; ദൃശ്യങ്ങളടക്കം ആരോപണം ഉന്നയിച്ച് ബാരാമതി സ്ഥാനാർഥി സുപ്രിയ സുലെ