അസം നിയമസഭ തിരഞ്ഞെടുപ്പ്;ബിജെപിക്കെതിരെ ഒരു ചുവട് മുന്നേ വെച്ച് കോണ്ഗ്രസും പ്രാദേശിക പാര്ട്ടികളും

അസം കോൺഗ്രസ് ഘടകത്തിന്റെയും ബിജെപിക്കെതിരെ നിലകൊള്ളുന്ന മൂന്ന് പ്രാദേശിക പാർട്ടികളുടെയും സംയുക്ത യോഗമാണ് നടന്നത്

ദിസ്പൂർ: 2026 ൽ വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ലോക്സഭാ തിരഞ്ഞെടുപ്പ് മാതൃകയിൽ ബിജെപിക്കെതിരെ അണിനിരക്കാൻ അസമിലെ പ്രതിപക്ഷ കക്ഷികൾ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട നിർണ്ണായക യോഗം ചൊവ്വാഴ്ച്ച നടന്നു. അസം കോൺഗ്രസ് ഘടകത്തിന്റെയും ബിജെപിക്കെതിരെ നിലകൊള്ളുന്ന മൂന്ന് പ്രാദേശിക പാർട്ടികളുടെയും സംയുക്ത യോഗമാണ് നടന്നത്. സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാർ പ്രാദേശിക താല്പര്യത്തിന് എതിരായാണ് പ്രവർത്തിക്കുന്നതെന്നും അസമിന്റെ പ്രാദേശിക താൽപര്യങ്ങൾ സംരക്ഷിക്കാനും തദ്ദേശ ജനതയുടെ ആവശ്യങ്ങൾ നിറവേറ്റാനും പ്രാദേശിക പാർട്ടികളുടെ പങ്കാളിത്തത്തിലുള്ള ബിജെപി ഇതര സർക്കാർ അനിവാര്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

റൈജോർ ദൾ, അസം ദേശീയ പരിഷത്ത്, അസം ദേശീയ ദൾ തുടങ്ങി പാർട്ടികളാണ് പങ്കെടുത്തത്. അഖിൽ ഗൊഗോയ്, ലുറിൻജ്യോതി ഗൊഗോയ്, അജിത് കുമാർ ഭൂയാൻ എന്നീ നേതാക്കന്മാരുടെ നേതൃത്വത്തിലായിരുന്നു യോഗം. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു യോഗമെന്നും ബിജെപിയെ പരാജയപ്പെടുത്താൻ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുക എന്നതായിരുന്നു തീരുമാനമെന്നും അഖിൽ ഗൊഗോയ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വർധിച്ചു വരുന്ന തൊഴിലില്ലായ്മയും പൗരത്വ നിയമത്തിലും അസന്തുഷ്ടരായ അസം ജനത ഈ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ പടിക്ക് പുറത്താക്കുമെന്നും ഗൊഗോയ് അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ഇൻഡ്യ സഖ്യത്തിന് കീഴിലുള്ള പ്രതിപക്ഷ കക്ഷികൾ ഇത്തവണ ആറ് സീറ്റ് നേടുമെന്നും ഗൊഗോയ് അവകാശപ്പെട്ടു.

'മികച്ചതെന്ന് കാണിച്ച് നിലവാരമില്ലാത്ത കൽക്കരി അദാനി വിറ്റത് മൂന്നിരട്ടി ലാഭത്തിന്'; റിപ്പോർട്ട്

To advertise here,contact us