ന്യൂഡൽഹി: ഇൻഡ്യ സഖ്യം അധികാരത്തിൽ വന്നാൽ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന പ്രധാനമന്ത്രി മോദിയുടെ വാദത്തിന് ശക്തമായ മറുപടിയുമായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. 'ഞങ്ങളൊരിക്കലും ആർക്കു നേരെയും ബുൾഡോസർ ഉപയോഗിച്ചിട്ടില്ല. കോൺഗ്രസ് ഇനിയങ്ങനെ ചെയ്യാനും ഉദ്ദേശിക്കുന്നില്ല. മോദിക്ക് മുമ്പ് ഒരു പ്രധാനമന്ത്രിയും ഇത്തരത്തിൽ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചിട്ടില്ല. ജനാധിപത്യത്തെ കുറിച്ച് അദ്ദേഹം ആവർത്തിച്ച് സംസാരിക്കുന്നു. എന്നാൽ ഒരിക്കലും ജനാധിപത്യത്തിലെ തത്വങ്ങൾ പാലിക്കുന്നില്ല. ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ ശീലമായി മാറിക്കഴിഞ്ഞു.' -ഖാർഗെ പറഞ്ഞു.
മോദിയുടെ വിവാദ പരാമർശത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ഖാർഗെ. ഇൻഡ്യ സഖ്യം അധികാരത്തിലെത്തിയാൽ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്നും കശ്മീരിൽ 370ാം വകുപ്പ് പുനഃസ്ഥാപിക്കുമെന്നുമായിരുന്നു ഉത്തർ പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി പ്രഖ്യാപിച്ചത്. മോദിക്ക് മറുപടി പറയാനില്ല. പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ഞങ്ങൾ നടപ്പാക്കുമെന്നും ഖാർഗെ പറഞ്ഞു. പോകുന്നിടത്തെല്ലാം മോദി ഭിന്നിപ്പുണ്ടാക്കാനാണ് മോദി ശ്രമിക്കുന്നത്. സമൂഹത്തെ വിഭജിക്കുന്ന രീതിയിലുള്ള പ്രസംഗങ്ങളും നടത്തുകയാണെന്നും ഖാർഗെ ആരോപിച്ചു.
ശിവസേനയെ വ്യാജർ എന്നാണ് മോദി ഇപ്പോൾ വിളിക്കുന്നത്. നാളെ ആർഎസ്എസിനെയും വ്യാജരെന്ന് പറഞ്ഞ് അദ്ദേഹം തള്ളിക്കളയും. തൊഴിലില്ലായ്മ പോലുള്ള ഗൗരവ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മോദി പാകിസ്താൻ പതാക പോലുള്ള ആരോപണങ്ങളുമായി വരുന്നത്. ഭരണഘടന ഉറപ്പുനൽകിയ സംവരണത്തിൽ തൊടാൻ പോലും ആർക്കും കഴിയില്ല. ജൂൺ നാലിന് രാജ്യത്ത് നല്ല ദിനങ്ങൾ വരുമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.