ന്യൂഡൽഹി: ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാന് സാധിച്ചില്ലെങ്കില് ഒരു പ്ലാന് ബി ഉണ്ടോയെന്ന ചോദ്യത്തോട് പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപിക്ക് ഭൂരിപക്ഷം ഉണ്ടാകാതിരിക്കാനുള്ള സാഹചര്യം ഇല്ലെന്നും അതിനാല് പ്ലാന് ബിയുടെ ആവശ്യമില്ലെന്നുമായിരുന്നു അമിത് ഷായുടെ പ്രതികരണം. ബിജെപിക്ക് 272 കിട്ടാതിരിക്കാനുള്ള സാഹചര്യമില്ല. എല്ലാ ഗുണഫലങ്ങളും ലഭിച്ച ഏതാണ്ട് 60 കോടി ആളുകളുള്ള ഒരു സൈന്യം മോദിക്ക് പിന്നിലുണ്ട്, അവര്ക്ക് പ്രായമോ ജാതിയോ ഗ്രൂപ്പോ ഇല്ല അവര്ക്കറിയാം. എന്താണ് നരേന്ദ്ര മോദിയെന്നും എന്തുകൊണ്ട് 400 സീറ്റ് വേണമെന്നും അവര്ക്ക് അറിയാമെന്നും അമിത് ഷാ വ്യക്തമാക്കി. പ്ലാന് ബിയെക്കുറിച്ചുള്ള ചോദ്യത്തിന് പ്ലാന് എ വിജയിക്കുമെന്ന ആത്മവിശ്വാസവും അമിത് ഷാ പ്രകടിപ്പിച്ചു. പ്ലാന് എ പരാജയപ്പെടുമെന്ന് 60 ശതമാനമെങ്കിലും ചാന്സ് ഉണ്ടെങ്കില് മാത്രം പ്ലാന് ബിയെക്കുറിച്ച് ആലോചിച്ചാല് മതി. നരേന്ദ്ര മോദി സർക്കാർ വലിയ ഭൂരിപക്ഷത്തില് അധികാരത്തിൽ വരുമെന്ന് ഉറപ്പാണെന്നും അമിത് ഷാ കൂട്ടിച്ചേര്ത്തു.
രാജ്യത്തിന്റെ രാഷ്ട്രീയ സ്ഥിരതയ്ക്ക് വേണ്ടിയാണ് 400 സീറ്റില് കൂടുതല് ആവശ്യപ്പെടുന്നതെന്ന് അമിത് വ്യക്തമാക്കി. ബിജെപിക്ക് ഭരണഘടന മാറ്റാനുള്ള ഭൂരിപക്ഷമുണ്ട്, പക്ഷെ അത് ചെയ്യില്ലെന്നും അമിത് ഷാ പറഞ്ഞു. ലോക്സഭയില് 400 സീറ്റില് കൂടുതല് ആവശ്യപ്പെടുന്നത് രാജ്യത്തിന്റെ അതിര്ത്തി സംരക്ഷിക്കാനാണ്, ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുന്നതിനാണ്, പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് വേണ്ടിയാണ്, അമിത് ഷാ വ്യക്തമാക്കി.
പട്ടികജാതി, പട്ടികവര്ഗ്ഗ, ഒബിസി വിഭാഗത്തില്പ്പെട്ടവരാണ് നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ പിന്തുണക്കാരെന്നും അമിത് ഷാ വ്യക്തമാക്കി. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്ണാടക എന്നീ സംസ്ഥാനങ്ങളെല്ലാം ചേര്ത്ത് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുമെന്നും അമിത് ഷാ വ്യക്തമാക്കി. തെക്ക്-വടക്ക് വിഭജനമെന്ന് കോണ്ഗ്രസിന്റെ ഒരു നേതാവ് പറഞ്ഞിട്ടും അത് നിഷേധിക്കാനോ തിരുത്താനോ കോണ്ഗ്രസ് തയ്യാറായില്ലെന്നും അമിത് ഷാ ചൂണ്ടിക്കാണിച്ചു. രാജ്യത്തെ ജനങ്ങള് കോണ്ഗ്രസിന്റെ അജണ്ടയെക്കുറിച്ച് ചിന്തിക്കണമെന്നും അമിത്ഷാ ആവശ്യപ്പെട്ടു.