'കൂടുതൽ മക്കളുള്ളവർ എന്ന് പറഞ്ഞാല് മുസ്ലിംകളെ ആകുമോ'; വിദ്വേഷ പരാമർശത്തിൽ മോദിയുടെ വിശദീകരണം

ഹിന്ദു, മുസ്ലിം എന്ന് വേർതിരിക്കാൻ തുടങ്ങുന്ന ദിവസം മുതൽ തനിക്ക് പൊതുമണ്ഡലത്തിൽ പ്രവർത്തിക്കാൻ അവകാശമില്ല. താൻ അങ്ങനെ ചെയ്യില്ലെന്നത് പ്രതിജ്ഞയാണെന്നും മോദി.

icon
dot image

ഡൽഹി: മുസ്ലിംകൾക്കെതിരായ വിദ്വേഷ പരാമർശത്തിൽ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്ലിംകളെക്കുറിച്ച് മാത്രമല്ല, പാവപ്പെട്ട കുടുംബങ്ങളെക്കുറിച്ച് കൂടിയായിരുന്നു പരാമർശമെന്ന് മോദി പറഞ്ഞു. താൻ പ്രവർത്തിക്കുന്നത് വോട്ട് ബാങ്കിനായല്ലെന്നും എല്ലാ വിഭാഗങ്ങളുടെയും പുരോഗമനത്തിനായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ മക്കളുള്ളവർ എന്ന് പറയുന്നത് മുസ്ലിംകളാകുന്നത് എങ്ങനെയെന്നും മോദി ചോദിച്ചു. ഹിന്ദുവെന്നോ മുസ്ലിമെന്നോ പ്രത്യേകം പരാമർശിച്ചിട്ടില്ലെന്നും മോദി ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ഞാൻ ഞെട്ടിയിരിക്കുകയാണ്. കൂടുതൽ കുട്ടികൾ ഉള്ളവരെന്ന് പറഞ്ഞാൽ മുസ്ലിംകളാണെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്? നിങ്ങളെന്തിന് മുസ്ലിംകളോട് ഇത്ര അനീതി കാണിക്കണം? ഈ സാഹചര്യം ദരിദ്ര കുടുംബത്തിലുമുണ്ട്. ദാരിദ്ര്യമുള്ളിടത്ത് കൂടുതൽ കുട്ടികളുണ്ടാകും. ഞാൻ ഹിന്ദു എന്നോ മുസ്ലിം എന്നോ പരാമർശിച്ചിട്ടില്ല. ഒരാൾക്ക് പരിപാലിക്കാൻ കഴിയുന്ന അത്ര കുട്ടികളാണ് ഉണ്ടാകേണ്ടത്. നിങ്ങളുടെ കുട്ടികളെ സർക്കാർ പരിപാലിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നാണ് ഞാൻ പറഞ്ഞത്'; മോദി വ്യക്തമാക്കി. ഗോധ്ര കലാപത്തെ കുറിച്ച് പരാമർശിച്ചപ്പോൾ, 2002 ന് ശേഷം എതിരാളികൾ മുസ്ലിംകൾക്കിടയിൽ തന്റെ പ്രതിഛായ നശിപ്പിച്ചുവെന്ന് മോദി പറഞ്ഞു.

തന്റെ വീടിന് ചുറ്റും ധാരാളം മുസ്ലിം കുടുംബങ്ങളുണ്ട്. വീട്ടിൽ പെരുന്നാളും മറ്റ് ഉത്സവങ്ങളും ആഘോഷിക്കാറുണ്ട്. പെരുന്നാൾ ദിവസം വീട്ടിൽ ഭക്ഷണം ഉണ്ടാക്കാറില്ല. മുസ്ലിം കുടുംബങ്ങളിൽ നിന്ന് ഭക്ഷണം വീട്ടിലെത്തും. അത്തരമൊരു ലോകത്താണ് താൻ വളർന്നത്. ഇന്നും തനിക്ക് ധാരാളം മുസ്ലിം സുഹൃത്തുക്കളുണ്ട്. 2002 ന് ശേഷം തന്റെ പ്രതിഛായ തകർക്കപ്പെട്ടുവെന്നും മോദി പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ മുസ്ലിംകൾ വോട്ട് ചെയ്യുമോ എന്ന ചോദ്യത്തിന് ഇന്ത്യയിലെ ജനങ്ങൾ വോട്ട് ചെയ്യുമെന്നായിരുന്നു മറുപടി. ഹിന്ദു, മുസ്ലിം എന്ന് വേർതിരിക്കാൻ തുടങ്ങുന്ന ദിവസം മുതൽ തനിക്ക് പൊതുമണ്ഡലത്തിൽ പ്രവർത്തിക്കാൻ അവകാശമില്ല. താൻ അങ്ങനെ ചെയ്യില്ലെന്നത് പ്രതിജ്ഞയാണെന്നും മോദി.

കോണ്ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം ചൂണ്ടിക്കാണിച്ചായിരുന്നു രാജസ്ഥാനിൽ വച്ച് നരേന്ദ്രമോദിയുടെ വിവാദ പരാമര്ശം. കടന്നുകയറ്റക്കാര്ക്കും കൂടുതല് കുട്ടികള് ഉള്ളവര്ക്കും നിങ്ങളുടെ സ്വത്ത് നല്കുന്നത് അംഗീകരിക്കാനാവുമോ എന്നതായിരുന്നു മോദിയുടെ വിവാദ പരാമർശങ്ങളിലൊന്ന്. 'അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്ണ്ണത്തിന്റെ കണക്കെടുത്ത് ആ സ്വത്ത് വീതിക്കുമെന്നാണ് കോണ്ഗ്രസിന്റെ പ്രകടന പത്രിക പറയുന്നത്. രാജ്യത്തിന്റെ സ്വത്തില് മുസ്ലിംകള്ക്ക് ആദ്യ അവകാശമുണ്ടെന്നാണ് മന്മോഹന് സിംഗ് സര്ക്കാര് പറഞ്ഞിരുന്നത്. ഈ സ്വത്തുക്കളെല്ലാം കൂടുതല് മക്കളുള്ളവര്ക്കും നുഴഞ്ഞുകയറ്റക്കാര്ക്കും നല്കുമെന്നാണ് അതിനര്ഥം. നിങ്ങള് അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കള് നുഴഞ്ഞുകയറ്റക്കാര്ക്കു നല്കണോ? ഇത് നിങ്ങള്ക്ക് അംഗീകരിക്കാനാകുമോ?' എന്നായിരുന്നു രാജസ്ഥാനിലെ ബന്സ്വാരയില് നടന്ന തിരഞ്ഞെടുപ്പ് റാലിയില് നരേന്ദ്ര മോദിയുടെ പരാമര്ശം. വിവാദ പരാമർശത്തിൽ പ്രധാനമന്ത്രിയോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം ചോദിച്ചിരുന്നു.

തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം; ഗുണ്ടകളെ പൂട്ടാൻ പൊലീസ്, സംസ്ഥാന വ്യാപക റെയ്ഡ്

To advertise here,contact us