മോദിക്ക് വേണ്ടി ഭക്ഷണം പാചകം ചെയ്യാമെന്ന് മമത; ബിജെപി-ടിഎംസി ധാരണയുടെ ഭാഗമെന്ന് സിപിഐഎം

'ആളുകള് എന്റെ പാചകത്തെ പ്രകീര്ത്തിക്കാറുണ്ട്. പക്ഷേ മോദിജി എന്റെ ഭക്ഷണം സ്വീകരിക്കുമോ? അദ്ദേഹം എന്നെ വിശ്വസിക്കുമോ?'

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി ഭക്ഷണം പാചകം ചെയ്യാമെന്ന മമതാ ബാനര്ജിയുടെ പ്രസ്താവനയില് പ്രതികരണവുമായി വിവിധ രാഷ്ട്രീയ പാര്ട്ടികള് രംഗത്ത്. ബിജെപിയും തൃണമൂല് കോണ്ഗ്രസും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമാണ് മമതയുടെ പ്രസ്താവനയെന്നാണ് സിപിഐഎം നിലപാട്. എന്നാൽ മമത ബാനർജി ഈ വിഷയം ഉന്നയിച്ചത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നാണ് ബിജെപിയുടെ നിലപാട്.

നവരാത്രിയുടെ സമയത്ത് മാംസാഹാരം കഴിച്ച തേജസ്വി യാദവിനെതിരായ നരേന്ദ്ര മോദിയുടെ ആരോപണങ്ങളുടെ ചുവട് പിടിച്ചായിരുന്നു മമതയുടെ പ്രതികരണം. മോദിക്ക് വേണ്ടി ഭക്ഷണം പാകം ചെയ്യാന് തയ്യാറാണ്, പക്ഷേ താന് പാചകം ചെയ്തത് ഭക്ഷിക്കാന് മോദി തയ്യാറാകുമോ എന്നറിയില്ല എന്നായിരുന്നു മമതയുടെ പരാമര്ശം. തിരഞ്ഞെടുപ്പ് റാലിയില് സംസാരിക്കവെയായിരുന്നു, ജനങ്ങളുടെ ഭക്ഷണശീലങ്ങളില് ഇടപെടുന്ന ബിജെപിയുടെ നിലപാടിനെ വിമര്ശിച്ച് മമത ഇത്തരമൊരു പരാമർശം നടത്തിയത്.

'പ്രധാനമന്ത്രി മോദിക്ക് വേണ്ടി ഭക്ഷണം പാചകം ചെയ്യാന് സന്തോഷമേയുള്ളു. പക്ഷേ അദ്ദേഹം ഞാന് പാചകം ചെയ്ത ഭക്ഷണം കഴിക്കുമോ എന്ന് ഉറപ്പില്ല. ഞാന് ചെറുപ്പകാലം മുതല് ഭക്ഷണം പാചകം ചെയ്യുന്നുണ്ട്. ആളുകള് എന്റെ പാചകത്തെ പ്രകീര്ത്തിക്കാറുണ്ട്. പക്ഷേ മോദിജി എന്റെ ഭക്ഷണം സ്വീകരിക്കുമോ? അദ്ദേഹം എന്നെ വിശ്വസിക്കുമോ? അദ്ദേഹത്തിന് ഇഷ്ടമുള്ളതെന്തും ഞാന് പാചകം ചെയ്ത് നല്കാം' എന്നായിരുന്നു മമത തിരഞ്ഞെടുപ്പ് റാലിയില് പറഞ്ഞത്.

സസ്യാഹാരിയായ നരേന്ദ്ര മോദിയെ മമത മാംസാഹാരം കഴിക്കാന് വിളിച്ചതിനെ വിമര്ശിച്ച് ബംഗാളിലെ ബിജെപി നേതാക്കള് രംഗത്തെത്തിയിട്ടുണ്ട്. ദീദിഭായി-മോദിഭായി എന്ന പരിഹാസവുമായാണ് മമതയുടെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം രംഗത്ത് വന്നത്. ബംഗാളില് തൃണമൂല് കോണ്ഗ്രസ്-ബിജെപി അന്തര്ധാര ചൂണ്ടിക്കാണിക്കാന് കോണ്ഗ്രസ്-ഇടതുസഖ്യം ഉപയോഗിക്കുന്നതാണ് ദീദിഭായി-മോദിഭായി പ്രയോഗം. ഇതിനിടെ പാര്ട്ടി അധ്യക്ഷയുടെ പരാമര്ശങ്ങളെ ന്യായീകരിച്ച് തൃണമൂല് കോണ്ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. മോദിക്ക് ഇഷ്ടമുള്ളതെന്തും കഴിക്കാന് സ്വാതന്ത്ര്യമുണ്ട്. എല്ലാ ഇന്ത്യക്കാര്ക്കും അതേ അവകാശമുണ്ട് എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു മമതയുടെ പ്രതികരണം എന്നാണ് തൃണമൂല് കോണ്ഗ്രസ് നിലപാട്.

To advertise here,contact us