ബംഗാള് ഗവര്ണര് ആനന്ദ ബോസിനെതിരെ പീഡന പരാതി; രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങള് പരിശോധിക്കും

രാജ്ഭവന് ഉള്ളില് വെച്ചാണ് പീഡനത്തിന് ഇരയായതെന്നാണ് മൊഴി

കൊല്ക്കത്ത: പശ്ചിമ ബംഗാള് ഗവര്ണര് സി വി ആനന്ദബോസിനെതിരെ രാജ്ഭവന് ജീവനക്കാരി നല്കിയ ലൈംഗീക പീഡന പരാതി കേസില് രാജ്ഭവനിലെ സിസി ടിവി ദൃശ്യങ്ങള് പരിശോധിക്കും. കേസിന്റെ അന്വേഷണത്തിനായി സിസി ടിവി ദൃശ്യങ്ങള് കൈമാറാന് രാജ്ഭവന് അധികൃതരോട് ആവശ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥര് അറിയിച്ചു.

രാജ്ഭവന് ഉള്ളില് വെച്ചാണ് വനിത ജീവനക്കാരി പീഡനത്തിന് ഇരയായതെന്ന് മൊഴി ഉണ്ടെന്ന് പൊലീസ് അറിയിച്ചു. അതിനാല് കേസിന്റെ തുടര് അന്വേഷണത്തിന് സിസി ടിവി ദൃശ്യങ്ങള് പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് പൊലീസ് അറിയിച്ചു. കേസ് അന്വേഷിക്കാന് കൊല്ക്കത്ത പൊലീസിന്റെ കീഴില് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു.

ഡെപ്യൂട്ടി കമീഷണര് ഇന്ദിര മുഖര്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. പരാതിയില് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതല് വിവരങ്ങള് പുറത്ത് വിടാനാവില്ലെന്നും ഇന്ദിര മുഖര്ജി നേരത്തെ അറിയിച്ചിരുന്നു. എന്നാല്, തനിക്കെതിരായ ആരോപണങ്ങള് കെട്ടിച്ചമച്ചതാണെന്നാണ് ഗവര്ണറുടെ വാദം. പീഡന പരാതിക്ക് പിന്നില് ഗൂഢാലോചനയുണ്ടെന്നും ആനന്ദ ബോസ് ആരോപിച്ചു. രണ്ട് തവണ ലൈംഗിക അതിക്രമം നടത്തി എന്നാണ് പരാതിയില് അതിജീവിത വ്യക്തമാക്കുന്നത്.

To advertise here,contact us