സന്ദേശ്ഖാലി കേസ്; ബംഗാൾ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

ഒരു വ്യക്തിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാനായി എങ്ങനെയാണ് ഒരു സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയെ സമീപിക്കാൻ കഴിയുന്നതെന്ന് കോടതി ചോദിച്ചു

കൊല്ക്കത്ത: സന്ദേശ്ഖാലി വിഷയത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. സിബിഐ അന്വേഷണത്തെ എതിർത്തതിനാണ് കോടതിയുടെ വിമർശനം. ഒരു വ്യക്തിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാനായി എങ്ങനെയാണ് ഒരു സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയെ സമീപിക്കാൻ കഴിയുന്നതെന്ന് കോടതി ചോദിച്ചു. മുൻ തൃണമൂൽ കോൺഗ്രസ് നേതാവായ ഷെയ്ഖ് ഷാജന, സന്ദേശ്ഖാലിയിലെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലും ഭൂമി കൈയേറ്റ കേസിലും മുഖ്യപ്രതിയാണ്.

സംസ്ഥാനത്തിനെതിരായ പരാമർശങ്ങളും നിരീക്ഷണങ്ങളും ഉണ്ടായതിനാലാണ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തതെന്നായിരുന്നു സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ പ്രതികരണം. വേനലവധിക്ക് ശേഷം സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കും.

വിഷയത്തിൽ ആരോപണം നേരിട്ട അഞ്ച് പേർക്കെതിരെയാണ് സിബിഐ കേസെടുത്തത്. താൻ ലൈംഗിക അതിക്രമത്തിനിരയായെന്നും തന്റെ ഭൂമി കൈയേറിയെന്നും ആരോപിച്ച് മൊഴി നൽകിയ അതിജീവിതയുടെ പരാതിയിൻമേലാണ് കേസെടുത്തത്. ആരോപണവിധേയരായ അഞ്ച് പേരുടെയും പേരുകൾ സിബിഐ പുറത്ത് വിട്ടിട്ടില്ല.

To advertise here,contact us