യുപി പിടിക്കാൻ മുലായം കുടുംബത്തിന്റെ 'പഞ്ചപാണ്ഡവ സംഘം' ;അഖിലേഷ് യാദവ് നയിക്കും

കനൗജ് മണ്ഡലത്തിലേക്ക് സമാജ് വാദി പാർട്ടി അധ്യക്ഷന് അഖിലേഷ് യാദവ് കൂടി എത്തിയതോടെ ഉത്തർപ്രദേശിലെ മുലായം കുടുംബത്തിൽ നിന്നും ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് അഞ്ചു പേർ

ഉത്തർപ്രദേശ്: കനൗജ് മണ്ഡലത്തിലേക്ക് സമാജ് വാദി പാർട്ടി അധ്യക്ഷന് അഖിലേഷ് യാദവ് കൂടി എത്തിയതോടെ ഉത്തർപ്രദേശിലെ മുലായം കുടുംബത്തിൽ നിന്നും ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് അഞ്ചു പേർ. ആദ്യമായാണ് മുലായം കുടുംബത്തിൽ നിന്നും ഒരുമിച്ച് അഞ്ചുപേർ ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എസ്പിയുടെ പരമ്പരാഗത മണ്ഡലങ്ങളില് നിന്നാണ് അഞ്ചുപേരും ജനവിധി തേടുന്നത്. കനൗജില് മത്സരിക്കുന്ന അഖിലേഷ് ഇന്ന് നാമനിര്ദേശ പത്രിക സമര്പ്പിച്ചു.

അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള് യാദവ്, ബന്ധുക്കളായ ധര്മേന്ദ്ര യാദവ്, ആദിത്യ യാദവ്, അക്ഷയ് യാദവ് എന്നിവരാണ് മത്സര രംഗത്തുള്ള മറ്റു കുടുംബാംഗങ്ങള്. മത്സരത്തില് നിന്ന് വിട്ടുനിന്ന് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്ക്ക് മേല്നോട്ടം വഹിക്കാനായിരുന്നു അഖിലേഷിന്റെ തീരുമാനം. എന്നാല്, പാര്ട്ടിക്ക് കൂടുതല് ആവേശം പകരാന് താന് മത്സര രംഗത്തുണ്ടാകുന്നത് നല്ലതാണെന്ന വിലയിരുത്തലിലാണ് അദ്ദേഹം തീരുമാനം മാറ്റിയത്. കനൗജില് നിന്ന് അഖിലേഷ് മത്സരിക്കണമെന്ന് പാര്ട്ടി അണികള്ക്കിടയിലും ആവശ്യമുയര്ന്നിരുന്നു.

1998 മുതല് എസ്പിയുടെ തട്ടകമായിരുന്ന കനൗജില് 2000 മുതല് 2009 വരെ അഖിലേഷ് ആയിരുന്നു എംപി. 2012ല് മുഖ്യമന്ത്രിയായതോടെ അഖിലേഷ് എംപി സ്ഥാനം രാജിവച്ചു. തുടര്ന്ന് ഡിംപിള് യാദവ് ഇവിടെ മത്സരിച്ച് ജയിച്ചു. 2019ലെ തിരഞ്ഞെടുപ്പില് ഡിംപിള് ബിജെപിയുടെ സുബ്രത് പഥകിനോട് ഡിംപിള് പരാജയപ്പെട്ടിരുന്നു. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കണം എന്ന വാശിയിലാണ് എസ്പി. ഇത്തവണ ഇവിടെ തേജ്പ്രതാപ് യാദവിനെ മത്സരിപ്പിക്കാനാണ് എസ്പി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ വിജയ സാധ്യത കുറവാണെന്ന വിലയിരുത്തലിൽ സംസ്ഥാന അധ്യക്ഷൻ തന്നെ സ്വയം കളത്തിലിറങ്ങുകയായിരുന്നു.

മുലായം സിങ് യാദവും കുടുംബാംഗങ്ങളും മാറിമാറി മത്സരിച്ചു ജയിച്ചുപോന്ന മെയിന്പുരിയിലാണ് ഇത്തവണ ഡിംപിൾ യാദവ് മത്സരിക്കുന്നത്. ധർമേന്ദ്ര യാദവ് അസംഗഡില് നിന്നും മത്സരിക്കുന്നു. മുലായത്തിന്റെ സഹോദരന് ശിവപാല് യാദവിന്റെ മകനായ ആദിത്യ യാദവ് ബദൗനില് നിന്നാണ് കന്നിയങ്കത്തിന് ഇറങ്ങുന്നത്. മുലായം കുടുംബത്തിൽ നിന്ന് അഞ്ചാമനായി അക്ഷയ് യാദവ് ഫിറോസാബാദ് മണ്ഡലത്തില് നിന്നും ജനവിധി തേടുന്നു.

2019ല് കോണ്ഗ്രസ് സഖ്യമില്ലാതെ മത്സരിച്ച എസ്പി ഇത്തവണ ഇന്ഡ്യ സഖ്യത്തിനൊപ്പമാണ്. പല മണ്ഡലങ്ങളിലും ഇത് ഗുണമാകും എന്ന വിലയിരുത്തലിലാണ് പാര്ട്ടി. അഖിലേഷ് കൂടി കളത്തിലിറങ്ങുന്നതോടെ, ബിജെപിക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കാന് സാധിക്കുമെന്നും എസ്പി കരുതുന്നു.

'പെരുമാറ്റച്ചട്ട ലംഘന'ത്തില് നടപടി: പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

To advertise here,contact us