മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ വസതിക്കു പുറത്ത് വെടിയുതിർത്ത സംഭവത്തിൽ ജയിലിൽ കഴിയുന്ന ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരൻ അൻമോൽ ബിഷ്ണോയിയെ മുംബൈ പൊലീസ് പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചു.
സൽമാൻ്റെ വീടിനു നേരെയുള്ള ആക്രമണത്തിന് നേതൃത്വം നൽകിയത് താനാണെന്ന് സോഷ്യൽ മീഡിയയിലൂടെ അൻമോൽ ബിഷ്ണോയി സമ്മതിച്ചിരുന്നു. സംഭവത്തിൽ അറസ്റ്റിലായ വിക്കി ഗുപ്തയ്ക്കും സാഗർ പാലിനും രണ്ട് ബിഷ്ണോയി സഹോദരന്മാരിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നതായും പ്രതികൾ പറഞ്ഞു.
ലോറൻസ് ബിഷ്ണോയി ഒരു കേസിൽ അകപ്പെട്ട് ഗുജറാത്തിലെ സബർമതി സെൻട്രൽ ജയിലിൽ കഴിയുകയാണ്. ജയിലിൽ ഇരുന്നു കൊണ്ടാണ് ലോറൻസ് സംഘത്തിന് നിർദേശങ്ങൾ നൽകി കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിൻ്റെ മറ്റൊരു സഹോദരൻ കാനഡയിലോ യുഎസിലോ ആണെന്നാണ് സൂചനകൾ. മുംബൈ പൊലീസ് ഉടൻ തന്നെ ലോറൻസിൻ്റെ കസ്റ്റഡി തേടാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇങ്ങനെ പോയാൽ കാശ് കുറേ പൊട്ടും, അടുത്ത മാസം വരാൻ ഇരിക്കുന്നത് പൊളിപ്പൻ പടങ്ങൾ
ഏപ്രിൽ 14 ന് പുലർച്ചെ സൽമാൻ ഖാൻ്റെ വസതിയായ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെൻ്റിൽ മോട്ടോർ ബൈക്കിലെത്തിയ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഏപ്രിൽ 16ന് ഗുജറാത്തിലെ ഭുജിൽ നിന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. വിക്കി ഗുപ്തയാണ് മോട്ടോർ ബൈക്ക് ഓടിച്ചതെന്നും സാഗർ പാലാണ് വെടിയുതിർത്തതെന്നുമാണ് പൊലീസ് പറയുന്നത്.
സംഭവത്തിന് ശേഷം അൻമോൽ ബിഷ്ണോയിയുടെ പേരിൽ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു. പോസ്റ്റ് അപ്ലോഡ് ചെയ്ത ഐപി വിലാസം പോർച്ചുഗലിൽ നിന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. വെടിവയ്പ്പിന് മൂന്ന് മണിക്കൂർ മുൻപാണ് പോസ്റ്റ് അപ്ലോഡ് ചെയ്തതെന്നതാണ് ശ്രദ്ധേയം. വിദേശ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് അൻമോളിൻ്റെ പേരിൽ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയതെന്നും പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.